Connect with us

Malappuram

കുരുക്കുകള്‍ അഴിഞ്ഞു; ചേലേമ്പ്ര ജലനിധിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: തുടക്കം മുതലേ വിവാദം നിറഞ്ഞ ചേലേമ്പ്ര ജലനിധി പദ്ധതി കുരുക്കഴിഞ്ഞ് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ടെണ്ടര്‍ അപേക്ഷകള്‍ ക്ഷണിച്ച് ഉത്തരവായി. ഒമ്പതര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ജലവിതരണ പൈപ്പ് സ്ഥാപിക്കലും കാക്കഞ്ചീരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലുളള കുളം നവീകരണവും ഫില്‍ട്ടര്‍ സ്ഥാപിക്കലും പമ്പ് സെറ്റ് സ്ഥാപിക്കലുമടങ്ങുന്നതാണ് പദ്ധതിയുടെ ടെണ്ടര്‍.
രണ്ട് ഘട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടത്തില്‍ 4.9 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 4.5 കോടി രൂപയുമാണ് ചെലവഹിക്കുക. അടുത്തമാസം 22 നാണ് അവസാനമായി ടെണ്ടര്‍ സീകരിക്കുക. നാഷനല്‍ ഹൈവേ ഇരു വശങ്ങളിലായുളള ഉപഭോക്താക്കള്‍ക്ക് കുടിവെളളമെത്തിക്കുന്ന ജലവിതരണ പൈപ്പ് സ്ഥാപിക്കലിനെ രണ്ട് സോണായി തിരിച്ച് രണ്ട് വര്‍ക്കായാണ് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചത്.
ഒന്നാം പാക്കേജില്‍ പുല്ലിപ്പറമ്പ്, ചാലിപ്പറമ്പ്, പാറയില്‍, പെരുന്തൊടിപാടം, കുറ്റിപ്പറമ്പ്, ഇത്തിളാംകുന്ന്, പൊയില്‍തൊടി പ്രദേശത്തെ പൈപ്പ് ലൈന്‍ സ്ഥാപിക്കലാണ്. എന്നാല്‍ രണ്ടാം പാക്കേജില്‍ കിന്‍ഫ്രയിലെ കുളം നവീകരണവും പ്രൊട്ടക്ഷന്‍ ഫെന്‍സ് (വേലി)നിര്‍മാണവും ഫില്‍ട്ടര്‍ സ്ഥാപിക്കലും രണ്ട് പമ്പ് സെറ്റ് സ്ഥാപിക്കലുമാണ് ഉള്‍പ്പെടുത്തിയുട്ടുളളത്. വാട്ടര്‍ അ്‌തോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ വിതരണ ശുചീകരണ ഏജന്‍സി വഴി ലോക ബേങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിനെ ഉള്‍പെടുത്തിയത്. വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയിലേക്ക് ഊര്‍ക്കടവ് പാലത്തിന് സമീപത്ത് നിന്ന് എത്തിക്കുന്ന വെളളം ശുചീകരിച്ച് ഗ്രാമ പഞ്ചായത്തിന് 1000 ലിറ്ററിന് അഞ്ച് രൂപ നിരക്കില്‍ കൈമാറണമെന്നാണ് ഗ്രാമ പഞ്ചായത്തും വ്യവസായവകുപ്പും തമ്മിലുളള കരാര്‍. പത്ത് വര്‍ഷത്തേക്കാണ് കരാര്‍.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഉണ്ടാക്കിയ കരാറില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനും വാട്ടര്‍ അതോറിറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ഷാഹിനയുമാണ് ഒപ്പ് വെച്ചത്. അതേസമയം ഗ്രാമ പഞ്ചായത്തിലെ 3100 കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതി വഴി കുടിവെളളം ലഭിക്കുക. ചീക്കോട് കുടിവെളള പദ്ധതിയും ജപ്പാന്‍ കുടിവെളള പദ്ധതിയും ചേലേമ്പ്രയെ കയ്യൊഴിഞ്ഞപ്പോഴാണ് ജലനിധി രണ്ടാം ഘട്ടത്തില്‍ ഉദ്‌പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് 2011ല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിപാര്‍ശ ചെയ്തത്.
പ്രസിഡന്റിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് 2013 ല്‍ ഗ്രാമ പഞ്ചായത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പദ്ധതി നടത്തിപ്പാനായുളള വെളളം ഗ്രാമ പഞ്ചായത്തിലില്ലെന്ന ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതോടെയാണ് വ്യവസായ വകുപ്പിന് കീഴിലുളള കിന്‍ഫ്രയില്‍ നിന്ന് വെളളം എത്തിച്ച് നടപ്പിലാക്കുകയെന്ന ആശയവുമായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടിയെ സമീപിച്ചത്.
വകുപ്പ് മന്ത്രി പച്ചക്കൊടി കാട്ടിയതോടെ പദ്ധതി നടത്തിപ്പിനായി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുളള പി എച്ച് സി കോമ്പൗണ്ടില്‍ ജലസംഭരണി സ്ഥാപിച്ച് ആവശ്യക്കാര്‍ക്ക് വെളളം എത്തിക്കുകയെന്നായിരുന്നു പദ്ധതി. പിന്നീട് ഭരണസമിതി മാറി വന്നതോടെ പദ്ധതിയില്‍ നിന്ന് ജലസംഭരണി ഒഴിവാക്കി കിന്‍ഫ്രയില്‍ നിന്ന് നേരിട്ട് വെളളം എത്തിക്കുന്ന പദ്ധതിയായി മാറ്റുകയായിരുന്നു.
എഴുത്തുമേള
എടക്കര: അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എടക്കര സോണ്‍ എഴുത്ത്‌മേള ഈ മാസം 30ന് വൈകുന്നേരം മൂന്നിന് എടക്കര അസ്ഹറില്‍ നടക്കും. മേളയില്‍ സംബന്ധിക്കുന്നവര്‍ മൂന്നിന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സോണ്‍ ഇ സി കണ്‍വീനര്‍ അബ്ദുല്‍ വഹാബ് അല്‍ ഹസനി അറിയിച്ചു.

Latest