ഗാര്‍ഹികാവശ്യത്തിന് മണ്ണ് ഖനനം: പരിസ്ഥിതി വകുപ്പ് നടപടികള്‍ ലഘൂകരിച്ചു

Posted on: November 24, 2014 5:24 am | Last updated: November 23, 2014 at 11:26 pm

jcbതേഞ്ഞിപ്പലം: വ്യക്തിഗത ഗൃഹ നിര്‍മാണത്തിനായി സാധാരണ മണ്ണ് ഉപയോഗിക്കുന്നതിനും കൊണ്ടുപോകുന്നതിനും പരിസ്ഥിതി വകുപ്പിന്റെ ഇടപെടല്‍ ഇനി ഉണ്ടാകില്ല. പകരം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് തന്നെ അധികാരം വീണ്ടെടുത്ത് നല്‍കുന്ന പുതിയ ഉത്തരവ് കഴിഞ്ഞ ദിവസം പരിസ്ഥിതി വകുപ്പ് ഇറക്കി.
പരിസ്ഥിതി വകുപ്പിന്റെ 22.2.14 ലെ 2 /14 ാം നമ്പര്‍ ഉത്തരവ് പ്രകാരം സാധാരണ മണ്ണ് (ചെമ്മണ്ണ്) ഗാര്‍ഹിക ആവശ്യത്തിന് ഖനനം ചെയ്യുന്നതിന് പരിസ്ഥിതി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഈ ഉത്തരവിന്‍ മേലുള്ള വ്യവസ്ഥകള്‍ മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുകയും പ്രസ്തുത വ്യവസ്ഥകള്‍ പരിശോധിക്കുകയും പഠന വിധേയമാക്കുകയും ചെയ്താണ് പുതിയ ഉത്തരവിറക്കിയതെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. കെട്ടിട ഉടമ തന്നെ തന്റെ ഉദ്ദേശ്യം വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം നല്‍കുകയും വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ സാക്ഷിപത്രം നല്‍കിയാല്‍ മതിയെന്നുമാണ് ഭേദഗതി ചെയ്ത ഉത്തരവില്‍ പറയുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലും കാരണമായാണ് അഞ്ച് ഹെക്ടറില്‍ താഴെ വരുന്ന മണ്ണ് ഖനനം ചെയ്യുന്നതിന് പരിസ്ഥിതി ആഘാത നിയന്ത്രണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. 250 ടണ്‍ വരെ മണ്ണ് ഖനനം ചെയ്യുന്നതിന് 5000 രൂപ ഫീസ് ഈടാക്കി തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറി അനുമതി നല്‍കണമെന്നാണ് മുന്‍കാല പ്രാബല്യത്തില്‍ വന്ന ഈ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ഇതിനുളള അധികാരമെന്ന് പറഞ്ഞ് തടിതപ്പാറാണുളളത്. ഇതോടെ സാധാരണക്കാര്‍ കുഴങ്ങുകയായിരുന്നു. കൂടാതെ അഞ്ച് ഹെക്ടറില്‍ താഴെയുളള ചെമണ്ണ് / കളിമണ്ണ് ഖനനം ചെയ്യുന്നതിന് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സ് ആവശ്യമാണെന്ന വ്യവസ്ഥയും കഴിഞ്ഞ ഫെബ്രുവരിയില്‍ പരിസ്ഥിതി വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്.
സ്ഥലം ഉടമയോ അല്ലെങ്കില്‍ സ്ഥലം ലീസിന് വാങ്ങിയ ആളോ ജില്ലാ കലക്ടര്‍ മുഖേന അപേക്ഷ പരിസ്ഥിതി വകുപ്പിന്റെ മെമ്പര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ജില്ലാ കലക്ടറോ പ്രതിനിധിയോ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. വില്ലേജ് ഓഫീസറും തഹസില്‍ദാറും നല്‍കുന്ന റിപ്പോര്‍ട്ട്, സ്ഥലത്തിന്റെ സ്‌കെച്ച്, മാപ്പ്, എഫ് എം ബി സ്‌കെച്ച് എന്നിവ നല്‍കണം. സ്ഥലത്തെ മരങ്ങളുടെ ഇനങ്ങള്‍ പഠന വിധേയമാക്കണം, അടുത്ത അതിര്‍ത്തിക്കാരന്റെ എന്‍ ഒ സി വാങ്ങണം ഇങ്ങനെ നീളുന്ന ഊരാകുടുക്കിന്റെ പട്ടികയാണ് വീടെടുക്കാന്‍ ആദ്യമായി തറ നിരപ്പാക്കാന്‍ ഇറങ്ങി തിരിക്കുന്നവര്‍ക്ക് നേരിടേണ്ടിവരിക. കൂടാതെ മണ്ണ് ഖനനം ചെയ്യുമ്പോള്‍ താഴ് ഭാഗത്ത് ഉണ്ടാകാന്‍ സാധ്യതയുളള പാറയുടെ ഇനം മുന്‍കൂട്ടി പ്രവചിക്കണം. പാറയാണെങ്കില്‍ എങ്ങനെയാണ് പൊട്ടിക്കുകയെന്നത് വ്യക്തമാക്കണം. ഇതാണ് പരിസ്ഥിതി ആഘാത നിയന്ത്രണ വകുപ്പിന്റെ മണ്ണ് ഖനനം ചെയ്യുന്നതിനാവശ്യമായ അപേക്ഷാ ഫോറത്തില്‍ വ്യക്തമാക്കേണ്ടത്. മാത്രമല്ല അപേക്ഷകന്‍ ഏതു ജില്ലക്കാരനായാലും ഹിയറിംഗ് സമയത്ത് തിരുവനന്തപുരത്തെ പേട്ടയിലുള്ള സംസ്ഥാന പരിസ്ഥിതി ആഘാത നിയന്ത്രണ വകുപ്പിന്റെ ഓഫീസില്‍ നേരിട്ടെത്തണം. എന്നാല്‍ മേല്‍പറയപ്പെട്ട വ്യവസ്ഥകള്‍ മൂലം സാധാരണക്കാരില്‍ നിന്നുണ്ടായ എതിര്‍പ്പ് മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി പരിസ്ഥിതി വകുപ്പ് ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കിയത്.