Connect with us

Gulf

റിക്രൂട്ട്‌മെന്റ് ഫീസ് വര്‍ധിപ്പിക്കേണ്ടെന്ന് ഒമാന്‍ ശൂറ

Published

|

Last Updated

മസ്‌കത്ത്: ഒമാനിലെ വിദേശികളെ നിയമിക്കുന്നതിനുള്ള റിക്ര്യൂട്‌മെന്റ് ഫീസ് ഇനത്തിലെ വര്‍ധനയെ മജ്‌ലിസ് ശൂറ എതിര്‍ത്തു. മജ്‌ലിസ് ശൂറയില്‍ ഇന്നലെ നടന്ന നിര്‍ണായക ചര്‍ച്ചയില്‍ വിദേശികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മജ്‌ലിസ് ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‌വലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഫീസ് വര്‍ധനക്കെതിരെ ശൂറ അംഗങ്ങള്‍ രംഗത്തെത്തിയത്.
അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക അജന്‍ഡകള്‍ വിശകലനം നടത്താന്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസ് ഇനത്തിലെ വര്‍ധനയുമായി ബന്ധപ്പെട്ട വിഷയം വോട്ടിനിട്ടു. രാജ്യത്തിന് അധിക വരുമാനം ലഭിക്കുന്നതിനായി വിദേശികള്‍ നാട്ടിലേക്കയക്കുന്ന തുകക്ക് രണ്ട് ശതമാനം നികുതി ചുമത്താനും പാചകവാതക ഉത്പന്നങ്ങളുടെ കയറ്റുമതി നികുതി വര്‍ധിപ്പിക്കാനും മജ്‌ലിസ് ശൂറ സാമ്പത്തിക വിഭാഗം കമ്മിറ്റികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് ഫീസ് 200 റിയാലില്‍ നിന്ന് 250 റിയാലിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മജ്‌ലിസ് ശൂറയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും നടപടിയെ എതിര്‍ത്തു. പിന്നീട് ചെയര്‍മാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ 65 ശതമാനം അംഗങ്ങളും ഫീസ് വര്‍ധനയെ എതിര്‍ത്തുകൊണ്ട് വോട്ട് രേഖപ്പെടുത്തി. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ രാജ്യത്തിന് നല്ലൊരു ശതമാനം വരുമാനം ലഭിക്കുമെന്ന് കമ്മിറ്റി മേധാവികള്‍ വ്യക്തമാക്കി. 6.2 കോടി റിയാലിലധിം വര്‍ധന രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.
ജി സി സി രാജ്യങ്ങളില്‍ നിന്ന് പണം അയക്കുന്ന കമ്പനികളില്‍ നിന്നും ബേങ്കുകളില്‍ നിന്നും നിശ്ചിത തുക ഈടാക്കാനുള്ള ഇന്ത്യന്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നാലെയാണ് മജ്‌ലിസ് ശൂറയിലെ പുതിയ ശിപാര്‍ശ. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് നല്ലൊരു സംഖ്യ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന അയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷം ഒമാനിലെ വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്കയച്ചത് 910 കോടി ഡോളറായിരുന്നു. ജി സി സി രാജ്യങ്ങളില്‍ വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്ന നാലാമത്തെ രാജ്യമാണ് ഒമാന്‍.
വിദേശികളില്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ കഴിഞ്ഞ വര്‍ഷം മജ്‌ലിസ് ശൂറയില്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഇടപെട്ട് തീരുമാനം ഒഴിവാക്കുകയായിരുന്നു. പാചകവാതക കയറ്റുമതി നികുതി 55 ശതമാനം വര്‍ധിപ്പിച്ച് രാഷ്ട്രത്തിന് 19.6 കോടി റിയാല്‍ അധിക വരുമാനം സൃഷ്ടിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Latest