ഓണ്‍ലൈന്‍ ഷോപിംഗ്: ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നു

Posted on: November 23, 2014 11:56 pm | Last updated: November 23, 2014 at 11:56 pm

online shopറാസല്‍ഖൈമ: സോഷ്യല്‍ മീഡിയകളും മറ്റു ഓണ്‍ലൈന്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള ഷോപിംഗ് സംസ്‌കാരം ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്നു. അതോടൊപ്പം ഇതുവഴി ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന പ്രവണതയും ഏറി വരുന്നതായി റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റിന്റെ മായാലോകം എല്ലാവരുടെ മുന്നിലും യഥേഷ്ടം തുറക്കപ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ വ്യാപാരവും വ്യാപകമായത്. തനിക്കാവശ്യമുള്ള ഏതൊരു സാധനവും ലോകത്തിന്റെ ഏതു കോണില്‍ നിന്നും യഥേഷ്ടം വാങ്ങി സ്വന്തമാക്കാമെന്ന സ്ഥിതിയാണിന്ന്. അതും പ്രാദേശിക മാര്‍ക്കറ്റില്‍ ലഭിക്കുന്നതിന്റെ എത്രയോ വിലക്കുറവില്‍. ഓര്‍ഡര്‍ ചെയ്ത സാധനം കൈപറ്റുമ്പോള്‍ വില നല്‍കിയാല്‍ മതിയെന്നതു കൂടിയാകുമ്പോള്‍ ആരാണ് വീണുപോകാത്തത്.
ഈ സാഹചര്യം ദുരുപയോഗം ചെയ്താണ് ഈ മേഖലയില്‍ വന്‍ തട്ടിപ്പുകളും വഞ്ചനയും അരങ്ങേറുന്നത്. ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയിലാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ അരങ്ങുതകര്‍ക്കുന്നത്. മൊബൈല്‍, ലാപ്‌ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയവയുടെ പുതിയ ട്രന്റുകളുടെ പിന്നാലെ പോരുന്നവരാണ് പലപ്പോഴും വഞ്ചിതരാവുന്നത്. പ്രാദേശിക വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ 300 ഉം 400ഉം ദിര്‍ഹം വിലക്കുറവില്‍ ലഭിക്കുമെന്ന ഓഫര്‍ മാത്രം മതി ഇത്തരക്കാര്‍ വലയിലാകാന്‍.
സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും തങ്ങളുടെ ഉത്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്ന സ്ഥാപന ഉടമകള്‍ ഉപഭോക്താക്കളായി ബന്ധപ്പെടുന്നവരെ സംസാരിച്ച് വീഴ്ത്താന്‍ മിടുക്കുള്ള ജോലിക്കാരെ നിയമിക്കുകയാണ്. അന്വേഷണ സമയത്ത് ഉപഭോക്താവിനോട് പറയുന്ന പല നിബന്ധനകളും ഇവര്‍ മറക്കുന്നതോടെ ഉപഭോക്താവ് ശരിക്കും ആപ്പിലാകും.
പ്രാദേശിക വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ കുറഞ്ഞ വിലക്ക് ടാബ്‌ലെറ്റിന്റെ പരസ്യം കണ്ടാണ് ദുബൈ ദേരയില്‍ താമസിക്കുന്ന വയനാട് സ്വദേശി ഉബൈദ് സാധനം ഓര്‍ഡര്‍ ചെയ്തത്. ഒരു വര്‍ഷത്തെ വാറന്റിയായിരുന്നു ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് കമ്പനി അധികൃതര്‍ നല്‍കിയിരുന്നത്.
സാധനം കൈപറ്റി ഉപയോഗിച്ചു തുടങ്ങിയെങ്കിലും വാറന്റി കാലയളവിനുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിതമായ ടാബ് നന്നാക്കിത്തരാന്‍ കമ്പനിയില്‍ വിളിച്ചുപറഞ്ഞു. ഡെലിവറി ബോയ് വന്ന് ടാബ് നന്നാക്കാന്‍ എടുത്തെങ്കിലും നേരത്തെയുള്ള വാറന്റി നിബന്ധനകള്‍ക്ക് വിരുദ്ധമായി 40 ദിര്‍ഹം ചാര്‍ജ് ചെയ്തുവെന്ന് ഉബൈദ് പറയുന്നു. സാധനം എടുത്ത് കൊണ്ടുപോകുന്നതിന്റെ ചാര്‍ജാണിതെന്നാണത്രെ ബോയ് പറഞ്ഞത്.
രണ്ടാഴ്ചക്കകം നന്നാക്കിയെന്ന് പറഞ്ഞ് തിരികെ ഏല്‍പിച്ച് തന്ത്രത്തില്‍ പെട്ടെന്ന് ബോയ് സ്ഥലംവിട്ടു. അല്‍പ സമയശേഷം ടാബ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ടാബ് കൊണ്ടുപോയ അതേ സ്ഥിതിയില്‍ തന്നെയാണത്രെ തിരിച്ചേല്‍പിച്ചിരുന്നത്. ഇതേ തുടര്‍ന്ന് വീണ്ടും കമ്പനി അധികൃതരെയും ഡെലിവറി ബോയിയെയും മാറി മാറി വിളിച്ചെങ്കിലും വീണ്ടും വന്ന് എടുത്ത് കൊണ്ടുപോകാന്‍ 40 ദിര്‍ഹം ചാര്‍ജ് ചെയ്യുമെന്നാണ് അറിയിച്ചതെന്ന് ഇദ്ദേഹം പറയുന്നു. അവസാനം തന്റെ പരിചയത്തില്‍പെട്ട ഒരു സ്വാകാര്യ ടെക്‌നീഷ്യന്‍ വഴി ടാബ് നന്നാക്കി ഉപയോഗിച്ചു തുടങ്ങിയെന്നും വയനാടു സ്വദേശിയായ ഉബൈദ് പറയുന്നു.
അതിനിടെ, ഓണ്‍ലൈ ന്‍ വിപണന രംഗത്ത് ചിലപ്പോഴെങ്കിലും കബളിപ്പിക്കല്‍ അരങ്ങേറുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങളുടെ കാര്യത്തില്‍ പ്രത്യേക അധികാരങ്ങളൊന്നുമില്ലെന്ന് റാസല്‍ ഖൈമ ഇക്കണോമിക് തലവന്‍ അഹ്മദ് ഉബൈദ് അല്‍ തുനൈജി പറഞ്ഞു. കേന്ദ്രങ്ങളില്‍ പലതിനും ആവശ്യമായ ലൈസന്‍സുകളില്ലെന്നും അല്‍ തുനൈജി ഓര്‍മിപ്പിച്ചു.