പ്രകൃതി വിഭവങ്ങള്‍ ജനങ്ങളുടെ കൈവശമായിരിക്കണം: സോണിയ

Posted on: November 23, 2014 11:41 pm | Last updated: November 23, 2014 at 11:41 pm

sonia gandiന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ജനങ്ങളുടെ കൈവശത്തിലായിരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രകൃതി വിഭവങ്ങള്‍ രാജ്യത്തിന്റെതല്ല. അത് ജനങ്ങളുടെതാണ്. പ്രകൃതി വിഭവങ്ങള്‍ ജനങ്ങളുടെ കൈവശമായിരിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്. കോണ്‍ഗ്രസ് ഇതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. അപ്പോള്‍ മാത്രമേ ജനങ്ങളുടെ വളര്‍ച്ചയില്‍ മാറ്റങ്ങളുണ്ടാകുകയുള്ളൂവെന്നും സോണിയ പറഞ്ഞു.
ആദിവസികളുടെയും പിന്നാക്ക വിഭാഗങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത്. ഇതിനാണ് ഭൂമിയേറ്റെടുക്കല്‍ നിയമം നടപ്പാക്കിയത്. ബി ജെ പി കേന്ദ്രത്തിലെത്തിയതോടെ ഇത് പൊളിച്ചെഴുതുകയാണെന്നും സോണിയ സൂചിപ്പിച്ചു. ഝാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാന ഗ്രാമ വികസന മന്ത്രി കെ എന്‍ ത്രിപാഠിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ഞങ്ങള്‍ നിയമങ്ങള്‍ തിരുത്തുന്നതിന് എതിരാണ്. യു പി എയുടെ പദ്ധതികളാണ് രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഇതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും സോണിയ പറഞ്ഞു. യു പി എയുടെ കാലത്ത് ഝാര്‍ഖണ്ഡില്‍ കോടികളുടെ വികസനപ്രവര്‍ത്തനമാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ നാളെയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.