Connect with us

Kerala

വൈകല്യമുള്ളവരുടെ ക്ഷേമത്തിനായി പ്രത്യേക നയം രൂപവത്കരിക്കും: മന്ത്രി മുനീര്‍

Published

|

Last Updated

കാസര്‍കോട്: സംസ്ഥാനത്ത് അംഗവൈകല്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പ്രത്യേക നയവും വകുപ്പും ആവിഷ്‌കരിക്കുമെന്നു സാമൂഹ്യ ക്ഷേമ മന്ത്രി എം കെ മുനീര്‍ പ്രഖ്യാപിച്ചു. കാസര്‍കോട് മുനിസിപ്പല്‍ മൈതാനിയില്‍ കഴിഞ്ഞ മൂന്നുദിവസമായി നടന്നുവന്ന സാമൂഹ്യ ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നുദിവസമായി നടന്ന മേളയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു നീതി ലഭ്യമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റിനും തിരിച്ചറിയല്‍ കാര്‍ഡിനുമായി രജിസ്റ്റര്‍ ചെയ്ത 760 പേരില്‍ 542 പേര്‍ക്കു അതു ലഭ്യമാക്കി. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഇടപെട്ട് 200 പേര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച ജോബ് ഫെയറില്‍ 80നും നൂറിനും ഇടയില്‍ ആളുകള്‍ക്കു വിവിധ സംരംഭകര്‍ തൊഴില്‍ വാഗ്ദാനം ചെയ്തു. ഇതില്‍ 50 പേര്‍ ഇന്നു ജോലിക്കു ഹാജരാകുമെന്നു മന്ത്രി അറിയിച്ചു. വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ വഴിയാണ് ഇവര്‍ക്ക് ജോലി ലഭ്യമാക്കിയത്.
ബാലാവകാശ, വനിതാകമ്മീഷനുകളുടെ അദാലത്തിലൂടെ അനവധി പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഏറെ അംഗവൈകല്യമുണ്ടെന്നു കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂരിലുള്ള അതു ബാധിച്ച കുടുംബങ്ങളിലെ ഒരു വ്യക്തിക്ക് ജനുവരി 15നു മുമ്പ് സഹായം വിതരണം ചെയ്യുമെന്നു മന്ത്രി അറിയിച്ചു. അതിനായി അവിടെ പ്രത്യേക ക്യാമ്പ് നടത്തും. ഭിന്നശേഷിയുള്ളവര്‍ക്കായി എന്‍ പി ആര്‍ പി ഡിയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് റീഹാബിലിറ്റേഷന്‍ സെന്റര്‍ കാസര്‍കോട്ട് സ്ഥാപിക്കും. അവര്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്നു ഉപകരണങ്ങള്‍ വിതരണം ചെയ്യും.
നാഷനല്‍ ഗെയിംസുമായി ബന്ധപ്പെട്ടുള്ള പോര്‍ട്ടബിള്‍ വീടുകളില്‍ അഞ്ചെണ്ണം, സംസ്ഥാനതലത്തില്‍ നിഷ് സര്‍വകലാശാല, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജന്‍ഡര്‍ പാര്‍ക്ക്, അംഗപരിമിതിയുള്ളവര്‍ക്കു സംസ്ഥാനത്ത് 75 സ്‌കൂട്ടറുകള്‍ തുടങ്ങിയവയും നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു.
ഇതുകൂടാതെ അംഗപരിമിതരുടെ സൗകര്യത്തിന് അനുസരിച്ചുള്ള കട്ടിലുകള്‍ നല്‍കാനും പദ്ധതിയുണ്ട്. വീടുകളില്‍ അവശതമൂലം കിടപ്പിലായവരുടെ സംരക്ഷണത്തിനായി ഒരു ലക്ഷം വളണ്ടിയര്‍മാരുടെ വീ കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. ഇവരുടെ സാമ്പത്തിക സുരക്ഷയ്ക്കായി പ്രത്യേക ഫണ്ടും ആവിഷ്‌കരിക്കും. അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഈ ഫണ്ടില്‍ നിന്നു സഹായം നല്‍കും.
ആയിരം കോടിയുടെ ഫണ്ടാണ് ഉദ്ദേശിക്കുന്നത്. അങ്കണ്‍വാടികളെ പ്രീ മെട്രിക് സ്‌കൂളുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതോടെ അങ്കണ്‍വാടി ടീച്ചര്‍മാരുടെ തസ്തിക പ്രീപ്രൈമറി ടീച്ചര്‍മാര്‍ എന്ന നിലയിലേക്ക് ഉയരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.