സൈലന്റ് വാലി കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാറിന്റെ ഒത്താശ

Posted on: November 23, 2014 1:07 pm | Last updated: November 23, 2014 at 1:07 pm

പാലക്കാട്: സൈലന്റ്‌വാലിയിലെ കുപ്പിവെള്ള കമ്പനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കമ്പനിക്ക് ഒത്താശ ചെയ്യാനാണെന്ന് ആക്ഷേപം.
കമ്പനിക്ക് അനുകൂലമായി വന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിയാണ് വിവാദമാകുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള അവസാന തീയതി കഴിഞ്ഞിട്ടും സക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സൈലന്റ്‌വാലി വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണിലാണ് ജെ ജെ മിനറല്‍സിന്റെ കുപ്പിവെള്ള കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.
2008ല്‍ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് കമ്പനി അടച്ചിരുന്നു. എന്നാല്‍ പിന്നീട് കമ്പനി വിപുലമായി തുടങ്ങാന്‍ കമ്പനി തീരുമാനിക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു. അനുമതി ലഭിക്കാതെ വന്നപ്പോള്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കമ്പനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ല.
അപ്പീല്‍ പോകുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ വനം സെക്രട്ടറി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായില്ല. അപ്പീല്‍ കാലവധി ഇന്നലെ അവസാനിച്ചു. ഇന്ന് കോടതി അവധിയായിരിക്കും. സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നാല്‍ കമ്പനിക്ക് പ്രവര്‍ത്തിക്കാം. ഇത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം അട്ടപ്പാടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ കാര്യമായി ബാധിക്കും. ഇപ്പോള്‍തനെ അട്ടപ്പാടിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
കമ്പനിയുടെ പ്രവര്‍ത്തനം വനത്തിനും, വന്യജീവികള്‍ക്കും പ്രയാസം ഉണ്ടാക്കാനും സാധ്യതയുണ്ട്. പി2സി(പരിസ്ഥിതി പുനസ്ഥാപനത്തിനായി 219കോടി രൂപ ചിലവാക്കിയ പ്രദശത്തുതന്നെയാണ് കുടിവെള്ള കമ്പനി തുടങ്ങുന്നത്.
സര്‍ക്കാറിന്റെ ഇപ്പോഴത്തെ മൗനം അട്ടപ്പാടിയില്‍ വന്‍ പരിസ്ഥിതി പ്രശ്‌നത്തിനിടയാക്കും.