വിശ്വാസ്യതയില്ലാതെ ഒരു സ്ഥാപനത്തിന് മുന്നോട്ട്‌പോകാന്‍ കഴിയില്ല: മന്ത്രി ശിവകുമാര്‍

Posted on: November 23, 2014 1:06 pm | Last updated: November 23, 2014 at 1:06 pm

പാലക്കാട്: ജനങ്ങളുടെ വിശ്വാസ്യതയില്ലാതെ ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.
അകത്തേത്തറ സര്‍വീസ് സഹകരണ ബേങ്കിന്റെ മൂന്നാമത് ശാഖ ആണ്ടിമഠത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ രാജ്യം പിടിച്ചുനില്‍ക്കുന്നത് സഹകരണ മേഖലയുള്ളതു കൊണ്ട് മാത്രമാണ്. ചെറിയ ആവശ്യങ്ങള്‍ക്കു പോലും സഹകരണ മേഖല തുണയാകുന്നുണ്ടെന്നും വി എസ് ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബേങ്ക് പ്രസിഡന്റ് എം സി കെ നായര്‍ അധ്യക്ഷത വഹിച്ചു. ലോക്കര്‍ ഉദ്ഘാടനം മുന്‍ എം പി വി എസ് വിജയരാഘവന്‍ നിര്‍വഹിച്ചു. കോര്‍ബേങ്കിംഗ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ എ ചന്ദ്രന്‍ നിര്‍വഹിച്ചു. ശകുന്തള നേത്യാര്‍, വിമല്‍കുമാര്‍, റൗനബാവുക്കുട്ടി എന്നിവരില്‍ നിന്നും ആദ്യനിക്ഷേപം സ്വീകരിച്ചു.
ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ ആദ്യ വായ്പാ വിതരണം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല ചന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം വി രാജന്‍, സഹകരണ സംഘം അസി. രജിസ്ട്രാര്‍ കെ എം ഇസ്മയില്‍, അകത്തേത്തറ ഖാദി സഹകരണ സംഘം പ്രസിഡന്റ് എം സുലൈമാന്‍ഹാജി, എസ് ഗോപിനാഥന്‍ നായര്‍, കെ ജയകൃഷ്ണന്‍, പി കെ സണ്ണി, സി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ടി ആര്‍ ദേവദാസ് സ്വാഗതവും കെ സതീഷ് നന്ദിയും പറഞ്ഞു.