മലയാളം ഭരണഭാഷാ പുരോഗതി: ഓഫീസുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും

Posted on: November 23, 2014 11:44 am | Last updated: November 23, 2014 at 11:44 am

മലപ്പുറം: മലയാളം ഭരണഭാഷയായി അംഗീകരിച്ചിട്ടുള്ള ഓഫീസുകളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്ന് മലയാളം ഔദ്യോഗികഭാഷാ സമിതി.
എ ഡി എം. എം ടി ജോസഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷാ) വകുപ്പ് പ്രതിനിധി ടി വി പ്രസന്നകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ-താലൂക്ക്തല ഓഫീസുകള്‍ സമര്‍പ്പിക്കുന്ന ത്രൈമാസ ഭാഷാ പുരോഗതി റിപ്പോര്‍ട്ടിലെ കൃത്യതയും പരിശോധനക്ക് വിധേയമാക്കും. അതിനാല്‍ റിപ്പോര്‍ട്ട് സൂക്ഷ്മതയോടെ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചു.
വാഹനങ്ങളില്‍ മലയാളം ബോര്‍ഡ്: സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡ് മലയാളത്തിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.
2015 മാര്‍ച്ച് 31 നകം ഇക്കാര്യം നടപ്പാക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമുണ്ട്. എല്ലാ ഓഫീസുകളുടെയും ബോര്‍ഡ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതി പ്രദര്‍ശിപ്പിക്കണം.
കര്‍മ പദ്ധതി: ഭരണഭാഷാ വര്‍ഷാചരണം 2015 നവംബര്‍ വരെ നീട്ടിയതിനാല്‍ ഇതുവരെ കര്‍മപദ്ധതി തയ്യാറാക്കാത്ത ഓഫീസുകള്‍ ഉടന്‍ പദ്ധതി തയ്യാറാക്കി കലക്ടറേറ്റില്‍ നല്‍കണം. ഒരു പകര്‍പ്പ് ഔദ്യോഗികഭാഷാ (ഭരണപരിഷ്‌ക്കാര വകുപ്പ്) നും നല്‍കണം.
ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം: താലൂക്ക്തലത്തില്‍ ഭരണഭാഷാ പുരോഗതി അവലോകനയോഗം കൃത്യമായി നടത്താത്ത ഉദ്യോഗസ്ഥരില്‍ നിന്നും ഭരണഭാഷാ പുരോഗതിയുടെ ശതമാനം കുറവ് വരുന്ന ഓഫീസുകളില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കാത്തവരില്‍ നിന്നും വിശദീകരണം തേടാന്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്ക് പരിശീലനം: മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിനായി എല്‍ ബി എസ്, അക്ഷയ, ഐ എം ജി, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുടെ സഹായം തേടി ജീവനക്കാര്‍ക്ക് മലായാളം കമ്പ്യൂട്ടിംഗ് പരിശീലനം ഉറപ്പാക്കണം.
വകുപ്പ്തല സമിതി പരിഗണിക്കും: റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട ഹിയറിംഗ് നോട്ടീസുകള്‍ മലയാളമാക്കുന്നത് സംബന്ധിച്ച് വകുപ്പ്തല സമിതിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
കേരള ഫിനാന്‍സ് കോര്‍പ്പറേഷന്റെ അപേക്ഷഫോമുകളും മലയാളത്തിലാക്കാനുള്ള നടപടി സ്വീകരിക്കും.