Connect with us

Kerala

വിജിലന്‍സ് റെയ്ഡ്: എ ഗ്രൂപ്പ് നേതൃത്വത്തിനും ഘടക കക്ഷികള്‍ക്കും അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: ടി ഒ സൂരജിനെതിരായ പൊടുന്നനെയുള്ള വിജിലന്‍സ് നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പെ ആരോപണ വിധേയനാണെങ്കിലും സൂരജിനെതിരായ തിടുക്കപ്പെട്ടുള്ള അന്വേഷണവും നടപടിയുമാണ് യു ഡി എഫ് കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ സൂരജ് ചുമതല വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയോ അറിയാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ നീക്കമാണ് അന്വേഷണത്തിന് വഴി തുറന്നത്. ബാര്‍കോഴ അന്വേഷണത്തിലൂടെ കേരളാകോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയതിന് സമാനമായി മുസ്‌ലിം ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ എളുപ്പ വഴിയായാണ് സൂരജിനെതിരായ നടപടിയെ വിലയിരുത്തുന്നത്. വിജിലന്‍സ് വകുപ്പ് ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി സുനിശ്ചിതമാക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കമാണിതിന് പിന്നില്‍ വായിക്കപ്പെടുന്നത്. അതേസമയം, എ ഗ്രൂപ്പിലും ഘടകകക്ഷികള്‍ക്കിടയിലും ഇത് കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായി കൊണ്ടിരിക്കെ, അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പായി രമേശിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയാണ് ഐ ഗ്രൂപ്പ് ലക്ഷ്യം. ഇതിന് ഘടകകക്ഷികളുടെ കൂടി പിന്തുണ ഉറപ്പ് വരുത്തുകയാണ് വിജിലന്‍സ് നീക്കങ്ങളില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. വിവാദ തീരുമാനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും അറിയാതെ തീരുമാനമെടുത്തും രമേശ് തന്നെ ഇതിനുള്ള വഴികള്‍ തുറക്കുകയാണ്. കേരളാകോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികള്‍ എല്‍ ഡി എഫുമായി അടുക്കുമെന്ന വാര്‍ത്തകളുടെ വഴിയടക്കാനും ഈ അന്വേഷണങ്ങള്‍ സഹായിക്കുമെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തല്‍.
ടി ഒ സൂരജ് നടത്തിയ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ മുതല്‍ തന്നെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതാണെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിരുന്നില്ല. പൊടുന്നനെയാണ് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് പോലും അറിയാതെ വിജിലന്‍സ് റെയ്ഡിന് ഇറങ്ങിയത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഇബ്‌റാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജിലന്‍സിന്റെ ചുമതല വഹിച്ചിരുന്ന ഘട്ടത്തില്‍ വകുപ്പ് മന്ത്രി അറിയാതെ സഹകരണ വകുപ്പില്‍ നടത്തിയ റെയ്ഡ് വിവാദമായതാണ്. അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. സമാന സാഹചര്യമാണ് ഇപ്പോഴും സംഭവിച്ചതെന്ന പരാതിയാണ് മുസ്‌ലിം ലീഗിനുള്ളത്. സൂരജിനെതിരെയാണ് നടപടിയെങ്കിലും ലീഗിനെകൂടിയാണ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. കോഴ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കെ എം മാണിയെ വരുതിയില്‍ നിര്‍ത്തിയതിന് സമാനമായി മുസ്‌ലിം ലീഗിനെയും കൂടെ നിര്‍ത്താനുള്ള വഴിയായി ഈ അന്വേഷണത്തെ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമുണ്ടെന്നാണ് വിവരം. രമേശ് ചെന്നിത്തല രണ്ടാമനായി മന്ത്രിസഭയിലെത്തുന്നതിനെയും ഉപമുഖ്യമന്ത്രിയാകുന്നതിനെയും എതിര്‍ത്തത് മുസ്‌ലിം ലീഗാണെന്നതും ഇതോട് ചേര്‍ത്ത് വായിക്കണം.
കെ എം മാണിക്കെതിരെ കോഴ ആരോപണം വന്നതിന് പിന്നാലെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ ആഭ്യന്തരമന്ത്രി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത് ഭരണ നേതൃത്വത്തില്‍ കൂടിയാലോചനകളില്ലാതെയായിരുന്നു. തുടര്‍നടപടികളെടുക്കാന്‍ തക്ക തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുമുണ്ട്. ലഭ്യമായ മൊഴികള്‍ അനുസരിച്ച് മാണിക്കെതിരെ കേസെടുക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിലൂടെ മാണിയെ കൂടെ നിര്‍ത്താനുള്ള മികച്ച ഒരു ആയുധമാണ് രമേശിന് ലഭിച്ചത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് അടിസ്ഥാനമാക്കിയാണ് ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടതെങ്കിലും മന്ത്രിസഭയിലെ ഒരുഅംഗത്തിനെതിരായ ആരോപണം ആണെന്നിരിക്കെ തിടുക്കപ്പെട്ട് തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അമര്‍ഷമുണ്ടായിരുന്നു. പ്രതിപക്ഷം ആയുധമാക്കുമെന്ന് കണ്ടതോടെയാണ് ഭരണതലത്തില്‍ അന്ന് വിവാദമൊഴിവാക്കിയത്.