എബോള: നിരീക്ഷണത്തിലുള്ളത് 117 പേര്‍

Posted on: November 23, 2014 5:32 am | Last updated: November 22, 2014 at 11:33 pm

ebolaതിരുവനന്തപുരം: എബോള രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത് 117 പേര്‍. ഇന്നലെ വൈകിട്ടുവരെ 680 പേരെയാണ് നിരീക്ഷിച്ചിരുന്നതെന്നും ഇതില്‍ 563 പേര്‍ക്ക് എബോള ലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയതായും നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റില്‍ അറിയിച്ചു.
ഗിയന, സിയറ, ലിയോണ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികളെയാണ് നിരീക്ഷിക്കുന്നത്. 30 ദിവസമാണ് നിരീക്ഷിക്കേണ്ടത്. 563 പേരുടെ നിരീക്ഷണത്തിന് 30 കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവര്‍ അവരുടെ വീടുകളില്‍ തന്നെയാണുള്ളത്. അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളത്തിലും അഞ്ച് തുറമുഖങ്ങളിലും കര്‍ശനമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിമാനം എത്തുമ്പോഴും അതിലെ മുഴുവന്‍ വിവരങ്ങളും എബോള സെല്ലിനെ കൃത്യമായി അറിയിക്കുന്നുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളില്‍ എബോള പരിശോധനക്ക് സജ്ജമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണം സ്ഥിരീകരിക്കപ്പെട്ടാല്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെന്നല്ല, രാജ്യത്തെവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ എബോള രോഗബാധിതന്‍ എത്തിയത് വലിയ ഭീതി പരത്തിയിരുന്നു. എന്നാല്‍ ഇയാള്‍ രോഗം ഭേദമായാണ് തിരിച്ചെത്തിയത്. എബോള രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുന്നത് തുടരുമെന്നും ഡോ.അമര്‍ ഫെറ്റില്‍ അറിയിച്ചു.