Connect with us

Kerala

മതേതരത്വം കോണ്‍ഗ്രസിന് പ്രസംഗവിഷയം മാത്രമാണെന്ന് തെളിഞ്ഞു: വി എസ്

Published

|

Last Updated

തിരുയവനന്തപുരം: വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പോലീസിന്റെ എതിര്‍പ്പ് മറികടന്നും പിന്‍വലിച്ചതിലൂടെ മതേതരത്വം കോണ്‍ഗ്രസിന് പ്രസംഗവിഷയം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
വര്‍ഗീയവാദികളും അധികാരം ഉപയോഗിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരും കേന്ദ്രഭരണത്തില്‍ മാത്രമല്ല നമ്മുടെ ചുറ്റുവട്ടത്തുപോലും ഉണ്ടെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പി ഗോവിന്ദപിള്ളയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ആഭിമുഖ്യത്തിലുള്ള മതേതരത്വ സംരക്ഷണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി എസ്.
വര്‍ഗീയതയുടെ തത്വശാസ്ത്രം സിരകളില്‍ പേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയായി മാറുന്നതോടെ ഒരു അഭിനവ ഹിറ്റ്‌ലറുടെ അവതാരമുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. മുന്‍കാലങ്ങളില്‍ ഭരണാധികാരികള്‍ മതേതര സങ്കല്‍പ്പത്തില്‍ വെള്ളംചേര്‍ക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അധികാര ശാസനകള്‍ കൈയ്യടക്കിയിട്ടുള്ളവര്‍ അതിന് പുല്ലുവില കല്‍പ്പിക്കാത്തവരാണ്. വര്‍ഗീയതയും ഫാസിസ്റ്റ് ചിന്താഗതിയും കൊടിയടയാളമാക്കിയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്.
മോദിയുടെ ഭരണം മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. വിജയദശമി നാളില്‍ സംഘ്പരിവാര്‍ നായകന്‍ മോഹന്‍ ഭഗവത് നടത്തിയ ഒരു മണിക്കൂര്‍ പ്രസംഗം സര്‍ക്കാറിന്റെ ജിഹ്വയായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് ഇതിന് തെളിവാണ്. രാജ്യത്ത് കരുതിക്കൂട്ടി വര്‍ഗീയകലാപങ്ങള്‍ ഉണ്ടാക്കുകയും ഒട്ടേറെപ്പേരെ കൊലചെയ്യുകയും ചെയ്തതില്‍ ആരോപണ വിധേയരായ മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്നാണ് ഇപ്പോള്‍ ഭരണചുക്കാന്‍ പിടിക്കുന്നത്.
വര്‍ഗീയ വിഷം ചീറ്റിയ ഇക്കൂട്ടരുടെ മുന്‍കാല ചെയ്തികള്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ പോലും ഓര്‍മകളില്‍ ഇല്ല. വര്‍ഗീയതയുടെ തത്വശാസ്ത്രത്തെ വെള്ളപൂശി രാജ്യത്തിന്റെ രക്ഷകന്‍ എന്ന മട്ടിലാണ് മോദിയെ ഇപ്പോള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്നും വി എസ് പറഞ്ഞു.

Latest