ചെമ്പരത്തി ക്വാഷ്, ലഘു ഭക്ഷണങ്ങള്‍, അപായ സൈറണ്‍ മേളയുടെ താരമായി

Posted on: November 22, 2014 12:36 pm | Last updated: November 22, 2014 at 12:36 pm

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ മുതല്‍ നടന്നുവരുന്ന വൊക്കേഷനല്‍ എക്‌സ്‌പോവില്‍ മോസ്റ്റ് പ്രോഫിറ്റബിള്‍ വിഭാഗത്തിലെ തളിപ്പറമ്പ വിദ്യാനികേതനിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ചെമ്പരത്തി ക്വാഷ്, പടന്ന എം ആര്‍ വി എച്ച് എസിന്റെ ലഘുഭക്ഷണങ്ങള്‍, തൃക്കരിപ്പൂര്‍ വൊക്കേഷനല്‍ സ്‌കൂളിന്റെ അപായ സൈറണ്‍ എന്നിവ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിഭാഗമായി. കളറുകളോ ആരോഗ്യത്തിന് ഹാനികരമാകുന്ന കൃത്രിമമായ ചേരുവകളോ ഇല്ലാതെ ചെമ്പരത്തിപൂവും പഞ്ചസാരയും ചെറുനാരങ്ങയും ശുദ്ധമായ വെള്ളവും ഉപയോഗിച്ചാണ് സാധാരണക്കാരന് എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന ചെമ്പരത്തി സ്‌ക്വാഷ് തയ്യാറാക്കിയിട്ടുള്ളത്. ഒരു ലിറ്റര്‍ തിളപ്പിച്ച് ആറ്റിയ വെള്ളത്തില്‍ രണ്ടുകിലോ പഞ്ചസാര അലിയിച്ചെടുത്ത് ഇരുപതോളം ചെമ്പരത്തി പൂവുകകളും രണ്ടു ചെറുനാരങ്ങയും പിഴിഞ്ഞ് ചേര്‍ത്താല്‍ ചുവപ്പ് നിറമുള്ള സ്‌ക്വാഷ് റെഡിയായി. സ്‌കൂളിലെ അഭിലാഷ്, ലിഷ്ണു എന്നീ വിദ്യാര്‍ഥികളാണ് ക്വാഷ് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ചത് വീടുകളെ കള്ളന്മാരില്‍ നിന്നും രക്ഷപ്പെടുത്താനായുള്ള അപായ സൂചന നല്‍കുന്ന സെന്‍സറിംഗ് യൂണിറ്റാണ്. പി ഐ ആര്‍ സെന്‍സര്‍, എല്‍ എം 324 ഐ സി ബസര്‍ തുടങ്ങിയവ അടങ്ങുന്നതാണ് ഈ സംവിധാനം. മനുഷ്യരോ മൃഗങ്ങളോ ജീവനുള്ള ഏതു ജന്തുക്കളായാലും ഈ സംവിധാനങ്ങള്‍ ഘടിപ്പിച്ച വീടുകള്‍ക്ക് പരിസരത്ത് ചെന്നാല്‍ അപായസൂചന നല്‍കുന്ന സൈറണ്‍ മുഴക്കും. ബീഫ് ഫ്രൈ, ബ്രഡ് കച്ചോറി, കായി അട, ചിക്കന്‍ റോള്‍, ബനാന കട്ട്‌ലറ്റ് തുടങ്ങി വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കൊതിയൂറുന്ന വിഭവങ്ങളുമായാണ് പടന്ന എം ആര്‍ വി എച്ച് എസിലെ വിദ്യാര്‍ഥികല്‍ മേളയില്‍ എത്തിയത്. പി കെ റസീന, ആഇശ, പി പി അഫ്രീന തുടങ്ങിയവരാണ് വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത്. ആയിരം രൂപയുടെ വിഭവങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവര്‍ വില്‍പന നടത്തുകയും ചെയ്തു. മുമ്പ് സംസ്ഥാനതല അംഗീകാരം നേടിയ ടീമാണ് പടന്നയുടേത്.