Connect with us

Wayanad

ക്ഷയരോഗ വിഭാഗത്തിലേക്ക് ആളുകളെ നിയോഗിച്ചതിലെ ക്രമക്കേട് അന്വേഷണം തുടങ്ങി

Published

|

Last Updated

ഗൂഡല്ലൂര്‍: ക്ഷയരോഗ വിഭാഗത്തിലേക്ക് ആളുകളെ നിയോഗിച്ചതിലെ ക്രമക്കേട് അന്വേഷണം ആരംഭിച്ചു. ക്ഷയരോഗ വിഭാഗത്തിലേക്ക് നിലവിലുണ്ടായിരുന്ന അന്‍പത് ഒഴിവുകളിലേക്ക് അഞ്ഞൂറില്‍പ്പരം ആളുകളെയാണ് നിയോഗിച്ചിരുന്നത്. പലരില്‍ നിന്നും ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപവരെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വാങ്ങിയിരുന്നത്. തുടക്കത്തില്‍ രണ്ട് മാസം എല്ലാവര്‍ക്കും ശമ്പളം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ശമ്പളം ലഭിക്കാതെയായി. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി നിയമനം ലഭിച്ചവര്‍ക്ക് ബോധ്യപ്പെട്ടത്. നൂറുക്കണക്കിന് യുവാക്കളാണ് ഇതില്‍ അകപ്പെട്ടിരുന്നത്. ഭരണകക്ഷിക്കാരായ ചിലര്‍ നടത്തിയ തട്ടിപ്പാണിതെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ സെല്ലിലേക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്. ക്ഷയരോഗ വിഭാഗം ഡപ്യുട്ടി ഡയറക്ടര്‍ ഡോ. അളഗിരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനായി ഊട്ടിയിലെത്തിയിട്ടുണ്ട്. അന്വേഷണത്തിന് ആളെത്തിയിട്ടുണ്ടെന്ന വാര്‍ത്ത അറിഞ്ഞ് 100ക്കണക്കിന് പേരാണ് ആരോഗ്യ വകുപ്പ് ഓഫീസിലെത്തിയിരുന്നത്. അതേസമയം ഊട്ടിയിലെ ക്ഷയരോഗ വിഭാഗം ജോ. ഡയറക്ടര്‍ വസന്തിന്റെ ഓഫീസ് ഉപരോധിക്കുകയും ഓഫീസിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.