സുന്നി സംഘകുടുംബ കൃഷി പദ്ധതി ഔദ്യോഗിക തലത്തില്‍ ചര്‍ച്ചയാകുന്നു

Posted on: November 22, 2014 10:25 am | Last updated: November 22, 2014 at 10:25 am

കോട്ടക്കല്‍: സുന്നി സംഘകുടുംബം സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പച്ചക്കറികൃഷി ഒദ്യോഗിക തലത്തില്‍ ചര്‍ച്ചയാകുന്നു. സര്‍ക്കാറിന്റെ വിവിധ കൃഷി പദ്ധതികളുടെ ചര്‍ച്ചയിലാണ് സുന്നി സംഘടനകളുടെ കൃഷിയും ചര്‍ച്ച ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ പി മോഹനന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ ഉയര്‍ന്ന കൃഷി വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത് സംമ്പന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാര്‍ സംസ്ഥാനത്ത് ജൈവ കാര്‍ഷിക മണ്ഡലം നടപ്പിലാക്കുന്നുണ്ട്. ഇതിനാണ് സംസ്ഥാനത്തെ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ത്തിരുന്നത്. ഈ യോഗത്തില്‍ സുന്നി സംഘടനകള്‍ നടപ്പിലാക്കുന്ന കൃഷി പദ്ധതി മന്ത്രി വിശദീകരിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസകളില്‍ നടപ്പിലാക്കുന്ന കുട്ടിത്തോട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രിയാണ് നിര്‍വഹിച്ചത്.
സര്‍ക്കാര്‍ പദ്ധതികള്‍ ഇത്തരം സംഘടനകളുടെ സഹകരണത്തിലൂടെ വിജയിപ്പിക്കാനാകുമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും സഹായങ്ങള്‍ നല്‍കണമെന്നും മന്ത്രി ഓര്‍മപെടുത്തി. എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജനകീയ കൃഷിത്തോട്ടം പദ്ധതിയും, സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മദ്‌റസ തലത്തില്‍ കുട്ടിത്തോട്ടം പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കിവരികയാണ്.