Connect with us

International

ജലാതിര്‍ത്തി ലംഘനം: 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

Published

|

Last Updated

കറാച്ചി: ജലാതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്ഥാന്‍ അധികൃതര്‍ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ്‌ചെയ്യുകയും അവരുടെ 11 ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. മരിടൈം സെക്യൂരിറ്റി ഏജന്‍സി വ്യാഴാഴ്ചയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
പാക്ക് ജലാതിര്‍ത്തിക്കകത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന അവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. അബദ്ധത്തില്‍ ജലാതിര്‍ത്തി ലംഘിക്കപ്പെടുന്ന ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. ജലാതിര്‍ത്തി വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതാണ് ഇതിന് കാരണമെന്ന് ഫിഷര്‍മെന്‍ ഫോറം ഉദ്യോഗസ്ഥനായ മുറാദ് ഷാ പറഞ്ഞു. ഈ വിധം അറസ്റ്റ്‌ചെയ്യപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും നീണ്ട വര്‍ഷങ്ങള്‍ തന്നെ ജയിലില്‍ കഴിയേണ്ടിവരാറുണ്ട്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞയെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് മേയില്‍ ഇന്ത്യ സന്ദര്‍ശിച്ചതിനോടനുബന്ധിച്ച്, ജലാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ 150ലേറെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. പാക്ക് ജയിലിലുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ത്യക്കാരാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിനാലാണ് അവരെ വിട്ടയച്ചതെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. ഇപ്പോഴും നിരവധി മത്സ്യത്തൊഴിലാളികള്‍ പാക്ക് ജയിലുകളിലുണ്ട്.