ആര്‍ എസ് എസിന്റെ തത്വശാസ്ത്രം ഇന്ത്യക്ക് ചേരില്ല: മുകുള്‍ വാസ്‌നിക്

Posted on: November 22, 2014 5:33 am | Last updated: November 21, 2014 at 11:36 pm

mugal vasnikകൊച്ചി: നരേന്ദ്ര മോദിയുടെ വരവ് ഉത്കണ്ഠ സൃഷ്ടിക്കുന്നതും ജാഗ്രത ആവശ്യപ്പെടുന്നതുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. മോദി അടിസ്ഥാനപരമായി ആര്‍ എസ് എസിന്റെ പ്രചാരകനാണ്. ആര്‍ എസ് എസിന്റെ തത്വശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയുമായി ഒത്തുപോകുന്നതല്ല. രാജ്യത്തിന്റെ മതേതരത്വം കടുത്ത ഭീഷണി നേരിടുകയാണെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു. ആലുവായില്‍ ജനപക്ഷ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
ആര്‍ എസ് എസിന്റെ ആസ്ഥാനമുള്ള നാഗ്പൂരിന്റെ അടുത്ത ദേശക്കാരനാണ് താനെന്നും അവിടെ ത്രിവര്‍ണ പതാകക്ക് സ്ഥാനമില്ലെന്നും വാസ്‌നിക് പറഞ്ഞു. കാവിക്കൊടിയാണ് നാഗ്പപ്പൂരില്‍ പാറുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ നേട്ടങ്ങളെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നവര്‍ ഇപ്പോള്‍ അതെല്ലാം പിന്തുടരുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. അക്രമം അടിസ്ഥാനമാക്കിയുള്ള അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനശൈലി ആപത്താണെന്നും അദ്ദേഹം പറഞ്ഞു.
വി എം സുധീരന്റെ യാത്ര ഏറെ ആകര്‍ഷകമായി തോന്നി. അധികാരം പിടിച്ചെടുക്കാനുള്ള യാത്രയല്ല ഇത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍വതല സ്പര്‍ശിയായ നിര്‍ദ്ദേശങ്ങളാണ് യാത്ര മുന്നോട്ടു വെക്കുന്നത്.
മദ്യവും മറ്റ് ലഹരിവസ്തുക്കളും സൃഷ്ടിക്കുന്ന നാശം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു.