സീനിയര്‍ അബ്ദുല്ലയുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു

Posted on: November 22, 2014 5:28 am | Last updated: November 21, 2014 at 11:29 pm

farooq abdullahശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടം ഇങ്ങെത്തിയിട്ടും സീനിയര്‍ അബ്ദുല്ലയുടെ അസാന്നിധ്യം, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കും ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിനും ക്ഷീണമുണ്ടാക്കുന്നു. ഫാറൂഖ് അബ്ദുല്ല ഇപ്പോള്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ലണ്ടനിലെ ആശുപത്രിയിലാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കായി.
നാഷനല്‍ കോണ്‍ഫറന്‍സിനേയും അണികളേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി സീനിയര്‍ അബ്ദുല്ലയാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി അദ്ദേഹം ഇപ്പോള്‍ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. ഭാര്യയാണ് വൃക്ക ദാനം ചെയ്യുന്നത്.
എക്കാലവും സംസ്ഥാന രാഷ്ട്രീയത്തിന് ചൂടും വീറും പകര്‍ന്ന് നല്‍കാറുള്ള, ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കാറുള്ള അബ്ദുല്ല ഇത്തവണ രംഗത്തേയില്ല. അദ്ദേഹത്തിന്റെ ശബ്ദം കേട്ടാല്‍ ആവേശഭരിതരാകാറുള്ള അനുയായികള്‍ക്കായി ആശുപത്രിയില്‍ നിന്ന് പ്രസംഗം കേള്‍പ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉമര്‍ പ്രതീക്ഷിച്ചെങ്കിലും അതിനും സാധ്യതയില്ല. ഫാറൂഖ് അബ്ദുല്ലയുടെ തീപ്പൊരി പ്രസംഗം ഇത്തവണ ഉണ്ടാകില്ലെന്നതില്‍ ഇളയ സഹോദരനും നിലവില്‍ എം എല്‍ എയുമായ മുസ്തഫ കമാലിനും ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സീനിയര്‍ അബ്ദുല്ല കെട്ടഴിച്ചുവിടുന്ന തന്ത്രങ്ങള്‍ പലരും ഓര്‍ക്കുന്നു. ഒരിക്കല്‍ സിനിമാ താരവും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മിയെ പിന്നിലിരുത്തി മോട്ടോര്‍ ബൈക്ക് ഓടിച്ച അബ്ദുല്ലയെ അനുയായികള്‍ക്ക് മറക്കാനാകില്ല. രോഗം ഭേദമായി സീനിയര്‍ അബ്ദുല്ല തിരിച്ചെത്താനുള്ള പ്രാര്‍ഥനയിലാണ് അണികള്‍.