ഗ്ലോബല്‍ വില്ലേജിലെ യുഎഇ പവലിയന്‍ സന്ദര്‍ശകരെ ആകര്‍ശിക്കുന്നു

Posted on: November 21, 2014 10:45 pm | Last updated: November 21, 2014 at 10:45 pm

ദുബൈ: ഗ്ലോബല്‍ വില്ലേജില്‍ സജ്ജമാക്കിയിരിക്കുന്ന യു എ ഇയുടെ പരമ്പരാഗത പവലിയന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇവിടെ ഒരുക്കിയിരിക്കുന്ന പരമ്പരാഗത സൂഖും ഒപ്പം മണലിന്റെ സാന്നിധ്യം ധ്വനിപ്പിക്കുന്ന കവാടത്തിന്റെ മുഖപ്പുമാണ് ഏറെ ആകര്‍ഷണമെന്ന് സന്ദര്‍ശകര്‍ വ്യക്തമാക്കുന്നു.
പവലിയനിലേക്ക് കയറുന്ന സന്ദര്‍കരിലേക്ക് ആദ്യം എത്തുക ഊദിന്റെ ഗന്ധമായിരിക്കും. പവലിയനിലെ അല്‍ ദനായി സ്റ്റോറും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. അലി അല്‍ ദനായിയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ ഉല്‍പന്നങ്ങളുമായി യു എ ഇ പവലിയന് കൊഴുപ്പേകാന്‍ എത്തുന്നത്.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന തേന്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഈ സ്റ്റാളിനെ വേറിട്ടതാക്കുന്നു. സിദിര്‍, സമാര്‍ എന്നീ രണ്ടു വൃക്ഷങ്ങളിലെ പൂക്കളില്‍ നിന്നുള്ള തേനാണ് സ്റ്റാളിന്റെ മുഖ്യ സവിശേഷത. ദിബ്ബ, ഫുജൈറ പ്രദേശങ്ങളില്‍ നിന്നാണ് തദ്ദേശീയമായ ഈ തേന്‍ ശേഖരിക്കുന്നത്. ഈ രണ്ടു മരങ്ങളില്‍ നിന്നും തേനീച്ചകള്‍ ശേഖരിക്കുന്ന തേനിന് സന്ദര്‍ശകര്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വന്‍ താല്‍പര്യമാണുള്ളത്.
പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്ന കാപ്പി, ലുലു ഈത്തപ്പഴം എന്നിവ യു എ ഇയുടെ പരമ്പരാഗത അതിഥി സല്‍കാരത്തിന് അനിവാര്യമായതാണ്. സ്വദേശി പാരമ്പര്യത്തെ അടുത്തറിയാനും അതിഥി സല്‍കാരത്തിന്റെ ഊഷ്മളത അനുഭവിക്കാനും യു എ ഇ പവലിയന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കുന്നുണ്ട്.