എം വി ആറിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള സി പി ജോണിന്റെ പരാമര്‍ശം വിവാദമാകുന്നു

Posted on: November 21, 2014 5:18 am | Last updated: November 20, 2014 at 11:21 pm

C.P._John4കണ്ണൂര്‍: എം വി ആറിന്റെ കുടുംബത്തിനെതിരെ യു ഡി എഫ് അനുകൂല സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എം വി രാഘവന്റെ കുടുംബം ഒറ്റക്കെട്ടായി രംഗത്തെത്തി്. എം വി രാഘവനെ ക്രൂരമായി വേട്ടയാടിയ സി പി എമ്മിനെ പിന്തുണക്കുന്ന എം വി ആറിന്റെ കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിഭ്രമം പിടിപെട്ടുവെന്ന രീതിയിലുള്ള സി പി ജോണിന്റെ പരാമര്‍ശമാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. സിപി ജോണ്‍ പരാമര്‍ശം പിന്‍വലിച്ചു പൊതുജനമധ്യത്തില്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും എം വി ആറിന്റെ ഭാര്യ സി വി ജാനകി, മക്കളായ ഗിരിജ, ഗിരീഷ്‌കുമാര്‍, രാജേഷ്, നികേഷ് കുമാര്‍, ഗിരിജയുടെ ഭര്‍ത്താവ് പ്രൊഫ. ഇ കുഞ്ഞിരാമന്‍ എന്നിവര്‍ സംയുക്തമായിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിതാവിന്റെ കൊലയാളികള്‍ക്ക് വേണ്ടി കൂറുമാറുന്നവരായി എം വി ആറിന്റെ മക്കള്‍ മാറരുതെന്നും ബന്ദികള്‍ക്ക് ഒരു ഘട്ടത്തില്‍ ബന്ദികളാക്കിയവരോടു പ്രണയം തോന്നുന്ന സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ആണ് രാഘവന്റെ കുടുംബാംഗങ്ങളെ ബാധിച്ചിരിക്കുന്നതെന്നുമായിരുന്നു ജോണിന്റെ പരാമര്‍ശം. എം വി ആറിന്റെ കുടുംബത്തെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള ശ്രമമാണിതെന്നും പരാമര്‍ശം വേദനാജനകമാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
രോഗബാധിതനായി ചികിത്സയിലിരിക്കുന്ന ഘട്ടത്തിലും മരണത്തിനുശേഷവും ബര്‍ണശ്ശേരിയിലുള്ള വീട്ടില്‍ പോലും വരാതെ മാറിനിന്നയാളാണ് സി പി ജോണെന്ന് കുടുംബം കുറ്റപ്പെടുത്തി. ഇപ്പോള്‍ കാണിക്കുന്ന വികാരപ്രകടനങ്ങളുടെ അനൗചിത്യം ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. എം വിആറിന്റെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. ഇത്തരത്തിലുള്ള പരാമര്‍ശം ആരും നടത്താന്‍ പാടില്ലാത്തതായിരുന്നു. എം വി ആറിനെ സ്‌നേഹിക്കുന്ന ആയിരക്കണക്കിന് ആളുകളെയും ഇതു വേദനിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സി പി ജോണ്‍ വിഭാഗം സി എം പിയിലാണ് എ വി ആറിന്റെ മൂത്ത മകന്‍ ഗിരീഷ്‌കുമാര്‍ നിലകൊണ്ടിരുന്നത്.
ജോണിനെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു ഗിരീഷിന്റെ മറുപടി. ജോണിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു.
താന്‍ സി എം പിയില്‍ മെമ്പറല്ലന്നും അതുകൊണ്ടുതന്നെ ഒരുപക്ഷത്തും എന്നെ കൂട്ടേണ്ടതുമില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.