കിഴക്കന്‍ ഉക്രൈനില്‍ 4,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു

Posted on: November 21, 2014 5:12 am | Last updated: November 20, 2014 at 10:14 pm

ukrainവിയന്ന: കിഴക്കന്‍ ഉക്രൈനിലെ സംഘര്‍ഷത്തില്‍ ഇതുവരെ 4,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോര്‍പ്പറേഷന്‍ ഇന്‍ യൂറോപ്പ്(ഒ എസ് സി ഇ)ന്റെ പ്രത്യേക സംഘം.
പതിനായിരക്കണക്കിന് പേര്‍ക്ക് സംഘര്‍ഷങ്ങള്‍ക്കിടെ പരുക്കേറ്റു. ആയിരക്കണക്കിന് പേര്‍ യുദ്ധമേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. വിയന്നയില്‍ നടന്ന ഒ എസ് സി ഇയുടെ പ്രത്യേക പരിപാടിയിലാണ് ഇതിന്റെ മേധാവി ഹൈദി തഗ്‌ല്യാവനി ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
നിലവില്‍ കിഴക്കന്‍ ഉക്രൈന്‍ നേരിടുന്ന പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കപ്പെടുകയില്ല. ഈ പ്രദേശത്തിന്റെ സ്ഥിരതക്ക് അപകടം വരുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍. ഒ എസ് സി ഇയുടെ പ്രത്യേക സംഘത്തിന് നേരെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഉക്രൈന്‍ സൈന്യം നിരവധി തവണ വെടിവെച്ചിരുന്നതായും ഹൈദി തഗ്‌ല്യാവനി കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ അനുകൂല വിമതരെ ലക്ഷ്യം വെച്ച് കീവ് അധികൃതര്‍ കഴിഞ്ഞ ഏപ്രില്‍ മാസം മധ്യത്തോടെയാണ് സൈനിക ആക്രമണം ആരംഭിച്ചിരുന്നത്. ഈ പ്രദേശത്തിന്റെ നിയന്ത്രണം റഷ്യന്‍ വിമതരില്‍ നിന്ന് പിടിച്ചെടുക്കലായിരുന്നു സൈനിക നടപടിയുടെ ലക്ഷ്യം. പക്ഷേ ഇപ്പോഴും വിമതരുടെ ശക്തി ക്ഷയിപ്പിക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. വിമതര്‍ക്ക് റഷ്യ രഹസ്യമായി ആയുധം നല്‍കുന്നുണ്ടെന്ന് നേരത്തെ കീവ് അധികൃതരും പാശ്ചാത്യ രാജ്യങ്ങളും ആരോപണം ഉന്നയിച്ചിരുന്നു. സെപ്തംബര്‍ അഞ്ചിന് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നെങ്കിലും വിജയിച്ചില്ല.