ടൈം മാഗസിന്റെ 50 പ്രമുഖരില്‍ നരേന്ദ്ര മോദിയും

Posted on: November 21, 2014 5:10 am | Last updated: November 20, 2014 at 10:12 pm

Modi2_ptiന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പ്രമുഖ 50 വ്യക്തികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥാനം പിടിച്ചു. ഈ വര്‍ഷത്തെ പ്രമുഖ വ്യക്തിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് ലോകവ്യാപകമായി 50 നേതാക്കളെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത മാസമാണ് ഇതിന്റെ ഫലം പുറത്തുവരിക. വിവാദ നായകനെന്നാണ് മോദിയെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. ഭാരതീയ ജനതാപാര്‍ട്ടിയെ നയിച്ച് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയെന്നും മാഗസിന്‍ മോദിയെ പരിചപ്പെടുത്തുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍, മലാല യൂസുഫ് സായ്, എബോള രോഗത്തില്‍ ചികിത്സ നടത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
50 പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഇറാന്‍ നേതാവ് ആയത്തുല്ല ഖാംനഈ, ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു, ഇസില്‍ മേധാവിയെന്ന് കരുതപ്പെടുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി, ചൈനീസ് പ്രസിഡന്റ് സി ജിംപിംഗ്, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവരും ഉള്‍പ്പെടുന്നു. ബിസിനസ് രംഗത്തുനിന്ന് ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസ്, ചൈനീസ് ഇ കോമേഴ്‌സ് സൈറ്റായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ, ജനറല്‍ മോട്ടോര്‍സിന്റെ ആദ്യ വനിതാ സി ഇ ഒ മേരി ബാറ, ആപ്പിള്‍ സി ഇ ഒ. ടിം കുക്ക് എന്നിവരും ഉണ്ട്.