ഓപറേഷന്‍ കുബേര: തുടങ്ങും മുമ്പേ രണ്ടാം ഘട്ടം പ്രതിസന്ധിയില്‍

Posted on: November 20, 2014 5:04 am | Last updated: November 20, 2014 at 12:06 am

operation kuberaകണ്ണൂര്‍ :കൊള്ളപ്പലിശക്കാരെ കുടുക്കാന്‍ ആഭ്യന്തരവകുപ്പ് കൊട്ടിഘോഷിച്ച് തുടക്കമിട്ട ‘ഓപറേഷന്‍ കുബേര’യുടെ രണ്ടാം ഘട്ടം തുടങ്ങും മുമ്പേ പ്രതിസന്ധിയിലായി. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസം മുമ്പേ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളൊന്നും തുടങ്ങാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മെയ് 11ന് ആരംഭിച്ച ഓപറേഷന്‍ കുബേരയില്‍ ഇതുവരെ 3000ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2000 ത്തോളം പേരാണ് അറസ്റ്റിലായത്. ഇതിന്റെയടിസ്ഥാനത്തില്‍ നിലവിലുള്ള കുബേര കേസുകളില്‍ സമയബന്ധിതമായി അന്വേഷണം നടത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കാനും രണ്ടാംഘട്ടം അടിയന്തരമായി തുടങ്ങാനുമാണ് കഴിഞ്ഞ മാസം ആഭ്യന്തരവകുപ്പ് ആലോചിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല, ബ്ലേഡ് മാഫിയക്കെതിരെ പരാതിപ്പെടാന്‍ ആഭ്യന്തര വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ പോലും ഒഴിവാക്കുകയും ചെയ്തു. അതേസമയം, വമ്പന്‍ സ്രാവുകളെ തൊട്ടാല്‍ കൈപൊള്ളുമെന്ന ഘട്ടത്തിലാണ് എല്ലാ ജില്ലകളിലും കടുത്ത നടപടികള്‍ നേരത്തെ വിലക്കിയതെന്നും ആക്ഷേപമുണ്ട്. ബ്ലേഡുകാരിലെ ചെറുമീനുകളെ മാത്രമാണ് പോലീസ് വലയിലാക്കിയത്. ഇവരില്‍നിന്ന് കണ്ടെത്തിയ രേഖകള്‍ക്കൊന്നും നിയമപരമായ നിലനില്‍പ്പില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ എളുപ്പമാകില്ലെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്താകെ പോലീസ് ഉദ്യോഗസ്ഥരുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സഹകരണത്തോടെയുള്ള കൊള്ളപ്പലിശക്കാരില്‍ ഒരാളെപ്പോലും കുടുക്കാനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അതിനിടെ, കൊള്ളപ്പലിശക്കാരുടെ കുടുക്കില്‍പ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ‘ഋണമുക്തി’ പദ്ധതിയും ഗുണകരമായില്ല. പദ്ധതിയാരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പണമിടപാടില്‍പ്പെട്ട് കുടുങ്ങിയ പലര്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ലെന്നും പരാതിയുണ്ട്. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതിയുടെ നിര്‍ദേശങ്ങള്‍ ബേങ്ക് അധികൃതര്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ പുലിവാലായതാണ് ഋണമുക്തിയുടെ ഗുണഫലം ലഭ്യമാകാന്‍ തടസ്സമായത്. വായ്പാ കടക്കെണിയില്‍പ്പെട്ടുഴലുന്നവര്‍ക്കായി അരലക്ഷം രൂപ വരെയാണ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. ഇതിന് കടക്കാരന്‍ ബേങ്കിന് സത്യവാങ്മൂലം നല്‍കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. ബേങ്കുകളില്‍നിന്നോ സ്വകാര്യ ഇടപാടുകാരില്‍നിന്നോ വീണ്ടും പണം വായ്പ വാങ്ങില്ലെന്ന് സത്യവാങ്മൂലവും നല്‍കണം. പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റും ബേങ്കിന് നല്‍കണം. വായ്പാത്തുക കടക്കാരന് നല്‍കില്ല. ഇത് പണം കടം നല്‍കിയയാളിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുക. ഇതോടെ താന്‍ കൈപ്പറ്റിയ രേഖകള്‍ ഇടപാടുകാരന് തിരിച്ചുനല്‍കിയെന്ന സത്യവാങ്മൂലം പലിശക്കാരനും സമര്‍പ്പിക്കണം. ഈ തുക അനുവദിക്കുന്നതോടെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അഞ്ചുവര്‍ഷം കാലാവധിയുള്ള വായ്പ ബ്ലേഡ് കുടുക്കില്‍പ്പെട്ടവര്‍ക്ക് ഒരു തരത്തിലും ഈ തുക ആശ്വാസമാകില്ലെന്നതാണ് വസ്തുത. നിസ്സാരതുക കടമെടുത്തവരോട് മുതലിന്റെ പല ഇരട്ടിയും ഭൂമിയും വാഹനങ്ങളുമെല്ലാമാണ് പലിശക്കാര്‍ വാങ്ങുന്നത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും അടക്കം ആക്രമിക്കുമെന്ന ഭീഷണി വരുമ്പോഴാണ് കടമെടുത്തവര്‍ കൂട്ട ആത്മഹത്യക്ക് മുതിരുന്നത്. വന്‍ സാമൂഹികവിപത്തായി മാറിയ പലിശക്കാരുടെ വിളയാട്ടത്തിന് ‘ഓപറേഷന്‍ കുബേര’ക്കും ‘ഋണമുക്തി’ക്കും വലിയ ചലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന് പറയേണ്ടിവരും.