Connect with us

Articles

കല്ലാംകുഴി: നീതി നിഷേധത്തിന്റെ ഒരാണ്ട്

Published

|

Last Updated

2013 നവംബര്‍ 20ന് രാത്രി 9.30നായിരുന്നു സമൂഹമനഃസാക്ഷിയെ നടുക്കിയ ദാരുണ സംഭവം. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴക്കടുത്ത് കല്ലാംകുഴി പ്രദേശത്തെ സജീവ സുന്നി പ്രവര്‍ത്തകരായിരുന്ന പള്ളത്ത് കുഞ്ഞു ഹംസു, സഹോദരനും എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയുമായിരുന്ന പള്ളത്ത് നൂറുദ്ദീന്‍ എന്നിവര്‍ അതിക്രൂരമായി കൊല്ലപ്പെട്ടത് അന്നായിരുന്നു. ഇരുളിന്റെ മറവില്‍ മാരകായുധങ്ങള്‍ കൊണ്ട് ഒരു വൃദ്ധമാതാവിനെയും രണ്ട് സ്ത്രീകളെയും പറക്കമുറ്റാത്ത ഏഴ് കുട്ടികളെയും അനാഥമാക്കിക്കൊണ്ടാണ് ഈ അരുംകൊല നടന്നത്.
നാട്ടിലെ ദീനി ചലനങ്ങള്‍ക്ക് ചാലകശക്തിയായിരുന്നു ഈ സുന്നി പ്രവര്‍ത്തകര്‍ എന്നത് മാത്രമാണ് അവരെ ഇല്ലായ്മ ചെയ്യാന്‍ ഈ രക്തദാഹികളെ പ്രേരിപ്പിച്ചത്. പ്രദേശത്തെ പാവപ്പെട്ടവരെ അവരുടെ മതമോ, ഗ്രൂപ്പോ നോക്കാതെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന മനുഷ്യ സ്‌നേഹികളായിരുന്ന പള്ളത്ത് സഹോദരന്‍മാര്‍. അവരുടെ സഹായമോ, സാന്ത്വനമോ സ്വീകരിച്ചിട്ടില്ലാത്ത ഒരു കുടുംബവും കല്ലാംകുഴിയിലില്ലായിരുന്നു. അനീതികള്‍ക്കും നെറികേടുകള്‍ക്കുമെതിരെ ഈ കുടുംബം എന്നും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സമാധാനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗം സ്വീകരിച്ചിരുന്ന ഈ സഹോദരമാര്‍, തങ്ങളുടെ കുടുംബം ദാനം ചെയ്തിരുന്നതായിട്ടു പോലും പ്രദേശത്തെ പള്ളിയും മദറ്‌സയും എല്ലാവിധമാളുകള്‍ക്കും സ്വീകാര്യമാകുംവിധം നടത്താന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ പള്ളിയും മദ്‌റസയും ഖബര്‍സ്ഥാനും ചേളാരി സമസ്തയുടെ പേരില്‍ വ്യാജ രജിസ്റ്റര്‍ ചെയ്യാന്‍ ചിലര്‍ ധൈര്യം കാണിച്ചു.
ഈ നെറികേടിനെ കുഞ്ഞു ഹംസു കോടതിയില്‍ ചോദ്യം ചെയ്തു. പള്ളിയും മദ്‌റസയും ഖബര്‍സ്ഥാനും എല്ലാവരുടേതുമാണെന്നും ഒരു ഗ്രൂപ്പിന്റെ മാത്രമല്ലെന്നും കോടതിയില്‍ വാദിച്ചു. അത് ചേളാരി- ലീഗ് കൂട്ടുകെട്ടിനെ ചൊടിപ്പിച്ചു. ഇതിനിടയില്‍ ഒരു ഗ്രൂപ്പിന്റെ പേരില്‍ പള്ളിയില്‍ പിരിവ് നടത്തുന്ന അന്യായ പിരിവ് കോടതി വിധിയിലൂടെ കുഞ്ഞു ഹംസു നിര്‍ത്തി വെച്ചു. ഇതൊക്കെയായപ്പോള്‍ തങ്ങളുടെ ഗ്രൂപ്പ് കളി കല്ലാംകുഴിയില്‍ നടത്തണമെങ്കില്‍ പള്ളത്ത് സഹോദരമാരുടെ അന്ത്യം കൊണ്ടേ സാധ്യമാവൂ എന്ന് തീരുമാനിച്ച ചേളാരി- ലീഗ് കൂട്ട് കെട്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ അരുംകൊല. വെട്ടേറ്റ് പിടിഞ്ഞുവീണ ഈ സഹോദരങ്ങളെ സഹായിക്കാനനുവദിക്കാതെ, ഒരിറ്റ് വെള്ളം പോലും നല്‍കാന്‍ സമ്മതിക്കാതെ അക്രമികള്‍ പരിസരവാസികളെ ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പ്രൊഫഷണല്‍ സംഘങ്ങളെ വെല്ലുന്നതരത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. കുഞ്ഞുഹംസുവിന്റെ ശരീരത്തില്‍ മാത്രം 46 വെട്ടുകളേറ്റിരുന്നു. എന്നിട്ടും ഈ സംഭവത്തെ ഒന്നപലപിക്കാനോ, ഖേദം പ്രകടിപ്പിക്കാനോ ചേളാരി- ലീഗ് സഖ്യം തയ്യാറായില്ലെന്നത് ഈ സംഭവത്തിന് പിന്നില്‍ ഇവരുടെ പങ്ക് ബോധ്യപ്പെടുത്തുന്നുണ്ട്. ക്രൂരവും നിഷ്ഠൂരവുമായ ഈ കൊലപാതകം നടത്തിയ വിഘടിത രാഷ്ട്രീയകൂട്ടുകെട്ട് ജനരോഷം തങ്ങള്‍ക്കെതിരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സംഭവത്തെ സ്വത്ത് തര്‍ക്കത്തിന്റെ പരിണതിയായും കുടിപ്പകയുടെ തിരിച്ചടിയാണെന്നും വ്യാജ പ്രചാരണം നടത്തി മുഖം രക്ഷിച്ചെടുക്കാന്‍ ശ്രമം നടത്തുകയാണ്. ഇത് കല്ലാംകുഴിക്കാര്‍ തന്നെ പുച്ഛിച്ച് തള്ളുന്നുവെന്നതാണ് യാഥാര്‍ഥ്യം. ലീഗ് -ചേളാരി കൂട്ട് കെട്ടിന് വേണ്ടിയായിരുന്നു ഈ കൊലപാതകമെന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനം തെളിയിക്കുന്നുണ്ട്. കൊലയാളികളെ ഒളിവില്‍ താമസിപ്പിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും കൊലയാളികള്‍ക്ക് ജാമ്യം സമ്പാദിക്കാനും അതിന് വേണ്ടി ഗള്‍ഫിലും നാട്ടിലും പിരിവ് നടത്താനും ഇവര്‍ ഉത്സാഹം കാണിച്ചത് തന്നെ കൊലപാതകങ്ങള്‍ തങ്ങള്‍ക്ക് വേണ്ടിയാണെന്ന് തെളിയിക്കുന്നു.
2013 നവംബര്‍ 20ന് അരങ്ങേറിയ ഈ അരും കൊല നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. സംഭവത്തില്‍ 26 പ്രതികളുണ്ടെന്ന് പോലീസ് തന്നെ പറയുന്നുണ്ടെങ്കിലും മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ ഇനിയും പോലീസിന് ആയിട്ടില്ലെന്നത് നിയമപാലന സംവിധാനത്തിലെ വലിയ അപാകമായി അവശേഷിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ അംജദ് എന്ന പ്രതി വിദേശത്തേക്ക് കടന്നിട്ട് നാളിതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പ്രതികളും ജാമ്യത്തില്‍ ഇറങ്ങി സൈ്വരവിഹാരം നടത്തുകയുമാണ്.
ഇതിലെ ഒന്നാം പ്രതിയും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മുസ്‌ലീം ലീഗ് നേതാവ് സിദ്ദീഖ് മാസങ്ങളോളം പോലീസിന് മുന്നില്‍ വിലസിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് മുതിര്‍ന്നത്. ഈ സമയത്ത് സിദ്ദീഖിന്റെ വാര്‍ഡ് മെമ്പര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ തടഞ്ഞിട്ടും പോലീസ് അവസരം ഒരുക്കിയെന്നത് ലജ്ജാവഹമായ വസ്തുതയാണ്. ജനരോഷം ഭയന്ന് അന്ന് വൈകീട്ട് നാടകീയമായി പോലീസില്‍ കീഴടങ്ങിയ സിദ്ദിഖിനെ വി ഐ പി പരിഗണന നല്‍കി.
കേസ് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ സംഘത്തലവനായ ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി ശറഫുദ്ദീനെയും അന്വേഷണത്തിലുണ്ടായിരുന്ന ചെര്‍പ്പുളശേരി സി ഐ ദേവസ്യയെയും സ്ഥലം മാറ്റിയതിനാല്‍ അന്വേഷണം തന്നെ മരവിച്ച നിലയിലാണിപ്പോള്‍. നിലവില്‍ ഈ കേസുമായി മണ്ണാര്‍ക്കാട് സര്‍ക്കിളിന് യാതൊരു വിധ ബന്ധവുമില്ലാത്തതിനാല്‍ ഡി വൈ എസ് പി ഓഫീസ് മുഖേനയാണ് കേസ് നടത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ 302-ാം വകുപ്പ് പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് മുഴുവനും ജാമ്യം ലഭിക്കത്തക്ക രീതിയില്‍ കോടതിയില്‍ പോലീസിനൊപ്പം അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ പ്രതികള്‍ക്കെതിരെ മണ്ണാര്‍ക്കാട്, കല്ലടിക്കോട് പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടായിട്ടും ജാമ്യം റദ്ദാക്കുന്നതിനോ, അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം നടത്താനോ തയ്യാറായില്ല. മര്‍ദനമേറ്റ് ആശുപത്രിയില്‍കഴിഞ്ഞിരുന്ന സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കുയും ചെയ്തു. പ്രതികള്‍ പ്രദേശത്ത് നടത്തുന്ന സൈ്വര വിഹാരം മൂലം നാട്ടില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിഷ്‌ക്രിയത്വം ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. കല്ലാംകുഴി കൊലക്കേസില്‍ നിലവില്‍ അന്വേഷണ സംഘമില്ലാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ സത്യസന്ധവും നിഷ്പക്ഷരുമായ പോലീസ് ഉദ്യോഗസ്ഥരടങ്ങിയ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുകയോ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയോ ചെയ്യണമെന്ന് നീതി നിഷേധത്തിന്റെ ഒരാണ്ട് തികയുന്ന ഈ ഘട്ടത്തില്‍ ജില്ലയിലെ സുന്നിസംഘടനകള്‍ ആവശ്യപ്പെടുന്നു. സാക്ഷികള്‍ക്കെതിരെ വധ ഭീഷണിമുഴക്കിയവരുടെ ജാമ്യം റദ്ദാക്കണമെന്നും 2013 നവംബര്‍ 13ന് ഒന്നാം പ്രതിയുടെ വീട്ടില്‍ വെച്ച് മണ്ണാര്‍ക്കാട്ടെ പ്രമുഖരായ ലീഗ് നേതാക്കളും ഇ കെ വിഭാഗം നേതാക്കളും യോഗം ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കുറ്റക്കാരായ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും സുന്നി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് ഇന്ന് ജില്ലയിലെ 13 സോണ്‍ തലങ്ങളിലും സുന്നിപ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തും. യൂനിറ്റുകളില്‍ പ്രാര്‍ഥനാ സദസ്സും സംഘടിപ്പിക്കുന്നുണ്ട്. മദ്‌റസകളില്‍ പ്രാര്‍ഥനാ ദിനമായി ആചരിക്കുകയും ചെയ്യുന്നു. ജില്ലയിലെ പോലീസ് മേധാവികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുകയും ചെയ്യും.