Connect with us

Palakkad

അട്ടപ്പാടിയില്‍ ശൈശവവിദ്യാഭ്യസ ശില്‍പ്പശാല തുടങ്ങി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളുടെ ഭാഷയില്‍ ശൈശവ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നത് ഭരണഘടന ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗം കൂടിയാണിത്. ഇരുള വിഭാഗത്തിന്റെ ഭാഷയിലാണ് ആദ്യം അങ്കണവാടികളില്‍ പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി അഗളി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എന്‍ ബാബു അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ് ആമുഖ പ്രഭാഷണത്തില്‍ ശൈശവപൂര്‍വ്വകാല പരിചരണവും വിദ്യാഭ്യാസവും ഗോത്രവത്ക്കരിക്കേണ്ടതിന് ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യങ്ങള്‍ വ്യക്തമാക്കി.
കൃഷി, ഉത്സവം, പക്ഷി എന്നീ മേഖലകളിലായി ഗോത്രവര്‍ഗ രീതിയില്‍ വിദ്യാഭ്യാസം അങ്കണവാടികളിലൂടെ നല്‍കുന്നതിനുള്ള പ്രാഥമികരൂപം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന വിദഗ്ധ സമിതി ചര്‍ച്ച് ചെയ്ത് തയ്യാറാക്കിയിരുന്നു. ഈ പദ്ധതിക്ക് ജീവസുറ്റ രൂപം നല്‍കുകയാണ് മൂന്ന് ദിവസത്തെ ശില്‍പ്പശാലയുടെ ലക്ഷ്യം. അധ്യാപിക നാളെ അഗളിയിലെ അങ്കണ്‍വാടിയില്‍ ഇത് കുട്ടികള്‍ക്കിടയില്‍ അവതരിപ്പിക്കും. കുട്ടികളുടെ പ്രതികരണം കൂടി തിരിച്ചറിഞ്ഞ് മറ്റ് അങ്കണ്‍വാടികളില്‍ കൂടി നടപ്പാക്കും. ശൈശവപൂര്‍വ്വകാല പരിചരണവും വിദ്യാഭ്യാസവും ഗോത്രവത്ക്കരണ സാധ്യതകള്‍ സംബന്ധിച്ച് കാസര്‍കോട്ട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമനും ഗോത്രവത്ക്കരണ സാധ്യതകള്‍ മാതൃക – അവതരണം കണ്ണൂര്‍ ഡയറ്റ് ലക്ചറര്‍ രമേശന്‍ കടവൂര്‍, അഹഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ ഗോപാലകൃഷ്ണന്‍ എന്നിവരും വിഷയം അവതരിപ്പിച്ചു. പദ്ധതി നടപ്പാക്കേണ്ട അങ്കണവാടി അധ്യാപികമാരും സൂപ്പര്‍വൈസര്‍മാരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
ഇരുള ഗോത്രവര്‍ഗ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളും വിദ്യാഭ്യാസ വിദഗ്ധരും ഇരുള ഊരുകള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതി അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വിജയിച്ചാല്‍ വയനാടുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി ഊരുകളിലും നടപ്പാക്കാനും കമ്മീഷന്‍ ലക്ഷ്യമിടുന്നു.
ഇരുള വിഭാഗങ്ങളുടെ ശൈശവ പൂര്‍വ്വകാല പരിചരണവും വിദ്യാഭ്യാസവും ഗോത്രവത്ക്കരണ സാധ്യതകള്‍ സംബന്ധിച്ച പ്രവര്‍ത്തന രൂപരേഖ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ഇന്ന് പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ അവതരണവും വിലയിരുത്തലും നടത്തും. പ്രവര്‍ത്തന മാനുവല്‍ തയ്യാറാക്കും. ട്രൈ ഔട്ട് മാനുവല്‍ തെരഞ്ഞെടുത്ത് സൂക്ഷ്മതല ആസൂത്രണത്തിന് രൂപം നല്‍കും. തുടര്‍ന്ന് അഗംനവാടികളില്‍ അവതരിപ്പിക്കും.

Latest