Connect with us

Palakkad

ക്രൈംബ്രാഞ്ച് അന്വേഷിക്കണം: സുന്നിനേതാക്കള്‍

Published

|

Last Updated

പാലക്കാട്: കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സുന്നി സംഘടന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് രക്തസാക്ഷിദിനമായ നാളെ ജില്ലയിലെ 13 സോണ്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ജില്ലാ പോലീസ് മേധാവികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനവും നല്‍കുമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2013 നവംബര്‍ 20ന് രാത്രി 9 മണിക്ക് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരായ പള്ളത്ത് കുഞ്ഞുഹംസയും സഹോദരനും എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയുമായിരുന്ന പള്ളത്ത് നൂറുദ്ദീനും അതിദാരുണമായി കൊലചെയ്യപ്പെട്ടത്.നാടിനെ നടുക്കിയ അതിക്രൂരമായ ഈ സംഭവത്തിന് പിന്നില്‍ 26 പ്രതികളുണ്ടെന്ന് പോലീസ് തന്നെ പറയുന്നുണ്ടെങ്കിലും മുഴുവന്‍ പേരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിലൊരാളായ അംജാദിനെ വിദേശത്ത് കടന്നിട്ടും പിടികൂടുന്നതിന് യാതൊരു നടപടിയുണ്ടായില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അറസ്റ്റുചെയ്യപ്പെട്ട മുഴുവന്‍ പ്രതികളും ജാമ്യത്തില്‍ ഇറങ്ങി സൈ്വര വിഹാരം നടക്കുകയാണ്. ഒന്നാം പ്രതിയും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മുസ്‌ലീം ലീഗ് നേതാവ് സിദ്ദീഖ് മാസങ്ങളോളം പോലീസിന് മുന്നില്‍ തന്നെ വിലസിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. ഒടുവില്‍ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് മുതിര്‍ന്നത്.
ഈ സമയത്ത് സിദ്ദീഖിന്റെ വാര്‍ഡ് മെമ്പര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍, ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ തടഞ്ഞിട്ടും പോലീസ് അവസരം ഒരുക്കിയത് ലജ്ജാവഹമാണ്. ജനരോഷം ഭയന്ന് നാടകീയമായി പോലീസില്‍ കീഴടങ്ങിയ സിദ്ദിഖിന് വി ഐ പി പരിഗണനയാണ് നല്‍കിയത്.
ഈസംഭവം മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പോലും മറച്ച് വെക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. കല്ലാംകുഴി കൊലക്കേസ് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ സംഘതലവനായ ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി ശറഫുദ്ദീനെയും അന്വേഷണത്തിലുണ്ടായിരുന്ന ചെര്‍പ്പുളശേരി സി ഐ ദേവസ്യയെയും സ്ഥലം മാറ്റി അന്വേഷണം തന്നെ മരവിപ്പിച്ച നിലയിലാണിപ്പോള്‍.
നിലവില്‍ ഈ കേസുമായി മണ്ണാര്‍ക്കാട് സര്‍ക്കിളിനെ യാതൊരു വിധ ബന്ധമില്ലാത്തതിനാല്‍ ഡി വൈ എസ് പി ഓഫീസ് മുഖേനയാണ് കേസ് നടത്തുന്നത്. അറസ്റ്റുചെയ്ത പ്രതികള്‍ക്കെതിരെ 302 വകുപ്പ് പ്രകാരമാണ് കേസ് ചാര്‍ജിരിക്കുന്നുവെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് മുഴുവനും ജാമ്യം ലഭിക്കത്തക്ക രീതിയില്‍ കോടതിയില്‍ പോലീസിനൊപ്പം എ പി പി ( അസി. പബ്ലിക് പ്രോസിക്യൂട്ടര്‍) ഒത്തുകളിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായത്.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ക്രൂരമായ മര്‍ദിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതികളുടെ പേരില്‍ മണ്ണാര്‍ക്കാട്, കല്ലടിക്കോട് പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടായിട്ടും അവരുടെ ജാമ്യം റദ്ദാക്കുന്നതിനോ, അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം നടത്താതെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന സാക്ഷികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ കല്ലാംകുഴി പ്രദേശത്ത് നടത്തുന്ന സൈ്വര വിഹാരം നാട്ടില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിന് സാഹചര്യമൊരുക്കിയിരിക്കുകയാണ്. കല്ലാംകുഴി കൊലക്കേസില്‍ നിലവില്‍ അന്വേഷണ സംഘമില്ലാത്ത അവസ്ഥയാണുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു. അതിനാല്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുകയോ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയോ ചെയ്യണമെന്നും സാക്ഷികള്‍ക്കെതിരെ വധ ഭീഷണിമുഴക്കിയവരുടെ ജാമ്യം റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 2013 നവംബര്‍ 13ന് ഒന്നാം പ്രതി സിദ്ദീഖിന്റെ വീട്ടില്‍ വെച്ച് മണ്ണാര്‍ക്കാട്ടെ പ്രമുഖരായ ലീഗ് നേതാക്കളും എസ് കെ എസ് എസ് എഫ് നേതാക്കളും യോഗം ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും മാതൃകാപരമായശിക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണം.
പത്രസമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് എം കബീര്‍ വെണ്ണക്കര, എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ എന്നിവരും പങ്കെടുത്തു.