ജില്ലാ മുഅല്ലിം സമ്മേളനം പ്രൗഢമായി

Posted on: November 19, 2014 12:26 pm | Last updated: November 19, 2014 at 12:26 pm

sys logoമലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വരവറിയിച്ച് മലപ്പുറത്ത് നടന്ന ജില്ലാ മുഅല്ലിം സമ്മേളനത്തിന് പ്രൗഢമായ സമാപനം.
മദ്‌റസാ അധ്യാപകരുടെ സംഘശക്തി പ്രകടമാക്കിയ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ മൂവായിരത്തോളം വരുന്ന മദ്‌റസാ അധ്യാപകരുടെ നിറസാന്നിധ്യം അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണങ്ങള്‍ ഏറ്റെടുത്തുവെന്ന് തെളിയിക്കുന്നതായിരുന്നു. മലപ്പുറം ടൗണ്‍ഹാള്‍ ജനനിബിഢമായതോടെ ടൗണ്‍ഹാളിന് പുറത്തും റോഡിലുമെല്ലാമായാണ് അവര്‍ ഇടംകണ്ടെത്തിയത്. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങിയ സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടെ പലരും മുങ്ങിത്താഴുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ ശാക്തീകരണമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. സംഘടനക്ക് രൂപം നല്‍കിയപ്പോഴുണ്ടായിരുന്ന ലക്ഷ്യം തന്നെയാണ് ഇപ്പോഴുമുള്ളത്. അനൈക്യത്തിന്റെ സൂചനകള്‍ ഉയര്‍ന്ന് വരികയും അത് കാലങ്ങളായി അനുഷ്ഠിച്ച് പോന്നിരുന്ന ആചാരങ്ങള്‍ക്കും രീതികള്‍ക്കും പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയപ്പോഴാണ് സംഘടനക്ക് രൂപം നല്‍കിയത്.
ചിലര്‍ക്ക് ആദര്‍ശത്തില്‍ വരെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. സുന്നികളുടെ വിശ്വാസവും നിലപാടുകളും സ്വതന്ത്രമാണ്. ആദര്‍ശം തുറന്ന് പറയാന്‍ നമുക്ക് ആരെയും കാത്ത് നില്‍ക്കേണ്ടതില്ല.
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രബോധനമാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എതിര്‍പ്പുകള്‍ നേരിട്ടപ്പോഴെല്ലാം അല്ലാഹുവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇനിയും ആ സഹായമുണ്ടാകുമെന്ന വിശ്വാസമാണ് നമുക്കുളളതെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ പ്രാസ്ഥാനിക ശാക്തീകരണമാണ് അറുപതാം വാര്‍ഷികം ലക്ഷ്യമിടുന്നതെന്ന് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പറഞ്ഞു. പുതിയ ആദര്‍ശ കേരളം സമ്മേളനത്തോടെ രൂപപ്പെടും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ശരിയായ ആദര്‍ശം പകര്‍ന്ന് കൊടുക്കാന്‍ സമ്മേളനത്തിലൂടെ കഴിയണം. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ വിവിധ ഘടകങ്ങളില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തട്ടിലും സമ്മേളന സന്ദേശം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് കെ പി എച്ച് തങ്ങള്‍, ബാവ മുസ്‌ലിയാര്‍ ക്ലാരി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ. കെ എം എ റഹീം, മുസ്തഫ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, ഹസന്‍കുട്ടി മുസ്‌ലിയാര്‍, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, അബ്ദുഹാജി വേങ്ങര, അബ്ദുര്‍റസാഖ് സഖാഫി വെളളിയാമ്പുറം, കെ സൈനുദ്ദീന്‍ സഖാഫി, എ ശിഹാബുദ്ദീന്‍ സഖാഫി സംബന്ധിച്ചു.