ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ‘സംഗീതമഴ’ക്ക് പകരം മഴ ചോരുന്നു; ഇരിപ്പിടവുമില്ല

Posted on: November 19, 2014 10:53 am | Last updated: November 19, 2014 at 10:53 am

താമരശ്ശേരി: ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിപ്പിടമില്ലാത്തത് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രം താലൂക്ക് ഉദ്ഘാടനത്തിന് സൗകര്യമൊരുക്കാനായി പൊളിച്ചുമാറ്റുകയും ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പുതിയ കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കുകയുമായിരുന്നു. സംഗീതം ആസ്വദിച്ചുകൊണ്ട് ബസ് കാത്തിരിക്കാവുന്ന ഹൈടെക് കാത്തിരിപ്പു കേന്ദ്രം എന്നാണ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തുമ്പോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചെറിയ മഴപെയ്താല്‍ പോലും ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ് ഇവിടെ. സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയോടെയാണ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചത്.
ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസിനായി കാത്തുനില്‍ക്കുന്ന പ്രായം ചെന്നവരും രോഗികളും ഇതുമൂലം വലിയ ദുരിതത്തിലാണ്. സംഗീതമഴക്കു പകരം മഴ ചോരുന്നത് ഇല്ലാതാക്കുകയും ഇറിപ്പിടമൊരുക്കുകയും ചെയ്താല്‍ മതിയെന്നാണ് യാത്രക്കാരുടെ ആവശ്യം.