വടകര നഗരസഭാ യോഗത്തില്‍ ബഹളം

Posted on: November 19, 2014 10:28 am | Last updated: November 19, 2014 at 10:28 am

വടകര: ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം വീട് നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര്.
പുതിയാപ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം മുന്നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ഗൃഹനിര്‍മാണത്തിന് അനുമതി ലഭിക്കുന്നതിനായി കുളങ്ങരത്ത് മീത്തല്‍ മനോജന്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കുന്നതാണ് പ്രശ്‌നമായത്. മുന്‍ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി വീടിന് അനുമതി നല്‍കുന്നത് ശരിയല്ലെന്നും വോട്ടിംഗിലൂടെ തീരുമാനം കൈക്കൊള്ളുന്നത് നിയമലംഘനമാണെന്നും പ്രതിപക്ഷം വാദിച്ചു.
എന്നാല്‍ വോട്ടിംഗിലൂടെ കൗണ്‍സില്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഗോവണിയും മറ്റും തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും മറ്റു കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
എം പി അഹമ്മദ്, ഇ അരവിന്ദാക്ഷന്‍, അഡ്വ. ബിജോയ് ലാല്‍, എം എല്‍ ഷമീറ, ഏ പി പ്രജിത, സി എച്ച് വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.