Connect with us

International

ഇസിലിനെ ഭയപ്പെടുന്നില്ലെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസില്‍ ഭീകരവാദികളുടെ ആക്രമണ പ്രവൃത്തികളില്‍ തങ്ങള്‍ ഭയപ്പെടില്ലെന്ന് അമേരിക്ക. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗിനെ ഇസില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഇസില്‍ പോലുള്ള സംഘടനകളുടെ ക്രൂരതകളും ഇവര്‍ ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്നതുമാണ് മധ്യേഷ്യയില്‍ അമേരിക്ക ഇടപെടുന്നതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി ആണവ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന്റെ മുന്നോടിയായാണ് കെറിയുടെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മധ്യേഷ്യയില്‍ ഇടപെടുന്നത് തങ്ങളുടെ സുരക്ഷയും സാമ്പത്തിക സുസ്ഥിരതയും പരിഗണിച്ചുകൊണ്ടാണ്. മധ്യപൗരസ്ത്യദേശങ്ങളില്‍ ശത്രുക്കളെ തിരഞ്ഞുകൊണ്ട് അമേരിക്ക നടക്കുന്നില്ല. പക്ഷേ ഇപ്പോഴത്തെ പോലെ ചില സമയങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇസില്‍ സംഘം ലോകവ്യാപകമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ധാരാളം പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കി കഴിഞ്ഞു. അല്‍ഖാഇദക്കുണ്ടായിരുന്നതിനേക്കാള്‍ ശക്തിയാണ് ഇപ്പോള്‍ ഇസിലിനുള്ളത്. പക്ഷേ എന്തുവന്നാലും തങ്ങള്‍ അവരെ ഭയപ്പെടുന്നില്ലെന്നും കെറി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ആധികാരികമാണെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇറാന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂനിയന്റെയും മധ്യപൗരസ്ത്യ രാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ചക്കായി ലണ്ടനില്‍ ഒത്തുചേര്‍ന്നു. കെറിയും ഇതില്‍ പങ്ക് ചേരും.

Latest