പാറക്കടവ് പ്രശ്‌നത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; കാന്തപുരം

Posted on: November 19, 2014 1:07 am | Last updated: November 19, 2014 at 1:07 am

kanthapuamകോഴിക്കോട്: പാറക്കടവ് സ്‌കൂള്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ നിറം കൊടുത്ത് വിഷയത്തെ കത്തിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് ഗുണകരമല്ലെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഈ വിഷയത്തില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. നിരപരാധികളെ ക്രൂശിക്കുന്നതും വേട്ടയാടുന്നതും ഒഴിവാക്കണം. ഊഹക്കഥകള്‍ മെനഞ്ഞ് ഒരു സ്ഥാപനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും രാഷ്ട്രീയ ലക്ഷ്യംവെച്ച് വിഷയത്തെ കൈയാളാന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്നും അക്രമത്തിന് വിധേയമായി എന്ന് പറയപ്പെടുന്ന കുട്ടിയുടെ മാനസികാവസ്ഥ കൂടി ഇത്തരക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കും കുടുംബത്തിനും നീതി കിട്ടാനുള്ള എല്ലാവിധ നിയമനടപടികളോടും ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.