യാസ് മറീനയില്‍ ഉത്സവം

Posted on: November 18, 2014 7:00 pm | Last updated: November 18, 2014 at 7:55 pm

അബുദാബി: തലസ്ഥാനത്തെ യാസ് മറീനാ സര്‍ക്യൂട്ടില്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രി കാറോട്ട മല്‍സരം 21ന് ആരംഭിക്കും.ഇതിന്റെ മുന്നോടിയായി അബുദാബി കോര്‍ണിഷില്‍ യാസലാം 2014 ഉത്സവം ആരംഭിച്ചു. ഘോഷയാത്രയോടെയാണ് യാസലാം ഫെസ്റ്റിവല്‍ തുടങ്ങിയത്. ഗ്രാന്‍പ്രി ഫൈനല്‍ നടക്കുന്ന 23 വരെയാണ് യാസലാം 2014 ഫെസ്റ്റിവല്‍ നടക്കുക.
അബുദാബി കോര്‍ണിഷിലെ വെസ്റ്റ് പ്ലാസയിലാണ് ഫോര്‍മുല വണ്‍ ഫാന്‍സോണ്‍ നഗരി സജ്ജീകരിച്ചിരിക്കുന്നത്. ഫോര്‍മുല വണ്‍ കാറോട്ടത്തിന്റെ തനിമയില്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗജന്യമായി അവസരമൊരുക്കിയാണ് യാസലാം ഫെസ്റ്റിവല്‍ നടക്കുന്നത്.
സ്റ്റിയറിംഗ് പിടിക്കാനവസരം ലഭിക്കുന്നവര്‍ക്ക് രോമാഞ്ചമുണ്ടാക്കുന്നതോടൊപ്പം ആവേശം പകരുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് അനുഭവമാണ് ലഭിക്കുന്നതെന്നാണ് കുട്ടികളും പ്രായമുള്ളവരുമെല്ലാം പങ്കുവെക്കുന്നത്. എമറാത്തി, അറബിക്, ബോളിവുഡ്, ഫിലിപ്പീന്‍സ് രാജ്യാന്തര കലാകാരന്മാര്‍ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും യാസലാം 2014 ഫെസ്റ്റിവലില്‍ കാണികള്‍ക്കും ഹരം പകരുന്നു.