ജി എം എസ്, വിസ്ഡം ഇന്റര്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസം. 2,5ന്

Posted on: November 18, 2014 7:51 pm | Last updated: November 18, 2014 at 7:51 pm

CAM01189ദുബൈ: ദുബൈ ഗള്‍ഫ്. മോഡല്‍ സ്‌കൂളും, വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുമെന്ന് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. എ നജീത്, വിസ്ഡം സി ഇ ഒ. ബി എഫ് അഹ്മദ് റാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ രണ്ട്, അഞ്ച് തിയ്യതികളില്‍ ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ചാണ് യുവജനോത്സവം. യു എ ഇയിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനി ആയ സീഷെല്‍ ഈവന്റ്‌സ് ആണ് ഇതിന്റെ പ്രവര്‍ത്തനനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കുട്ടികളുടെ സര്‍ഗ ശേഷി വളര്‍ത്തിയെടുക്കുകയും, വളര്‍ന്നു വരുന്ന പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പ്രതിഭാ സംഗമത്തില്‍ മൊത്തം 96 ഇനങ്ങളില്‍ 2,500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ക്ലാസ്സിക് കലകളും, തനതു കലകളും സംയുക്തമായി സമ്മേളിക്കുന്ന ഈ കലാ മാമാങ്കം മത്സരാര്‍ഥികളുടെ അഭിനയത്തികവിന്റെയും, സര്‍ഗശേഷിയുടെയും മാറ്റുരക്കലായിരിക്കും.
യു എ യിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥി കളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി മാറും. ഓരോ സ്‌കൂളില്‍ നിന്നും ഏറ്റവും മികച്ച പ്രതിഭയെ മാത്രമേ ഓരോ ഇനത്തിലും പരിഗണിക്കൂ എന്നതിനാല്‍, കലോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാതു സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു അവരുടെ പങ്കാളിത്തം ഉറപ്പാക്കണം.
ഓരോ ഇനത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലേക്കുള്ള മത്സരത്തിനു പുറമേ കലാപ്രതിഭ, കലാതിലകം, ഫസ്റ്റ് റണ്ണര്‍ അപ്പ്, സെക്കന്റ് റണ്ണര്‍ അപ്പ്, ഓവറോള്‍ ചാമ്പ്യന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള മത്സരവും നടക്കും. വിവരങ്ങള്‍ക്ക്: [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, 055-8833201 എന്ന നമ്പറിലോ ബന്ധപ്പെടുവാന്‍ ഇരുവരും അഭ്യര്‍ഥിച്ചു.