Connect with us

Gulf

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സാമൂഹിക സുരക്ഷ ഉറപ്പാക്കും; ഡോ. കെ പി ഹുസൈന്‍

Published

|

Last Updated

ദുബൈ: ദുബൈ ഹെല്‍ത് അതോറിറ്റി നടപ്പാക്കുന്ന നിര്‍ബന്ധിത ആരോഗ്യ പരിരക്ഷ സമൂഹത്തിലെ സാധാരണക്കാര്‍ക്കും നിര്‍ധനര്‍ക്കും ഏറെ ഉപകാര പ്രദമാണെന്നും നടത്തിപ്പില്‍ ഫാത്വിമ ഹെല്‍ത് കെയര്‍ വലിയ പങ്കുവഹിക്കുമെന്നും ചെയര്‍മാനും പ്രമുഖ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംരംഭകനുമായ ഡോ. കെ പി ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഫ് എം സി നെറ്റ്‌വര്‍ക്, യു എ ഇയുടെ വിപുലീകരിച്ച നെറ്റ്‌വര്‍ക്ക് ലോഞ്ചിംഗിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് കമ്പനി, ബ്രോക്കേഴ്‌സ് എന്നിവര്‍ക്കായി ബിസിനസ് മീറ്റ് നടത്തിയ ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.”” നെറ്റ്‌വര്‍ക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇണങ്ങും വിധമാണ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. 14 വര്‍ഷത്തെ ആരോഗ്യ ഇന്‍ഷ്വറന്‍സ് രംഗത്തെ അനുഭവം നിര്‍ധനരായ തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അനുഭവം ദുബൈ ഹെല്‍ത് അതോറിറ്റിയുമായി പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. ഹുസൈന്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ തന്റെ പദ്ധതിയെ ഒരു ഇന്‍ഷ്വറന്‍സ് സ്ഥാപനവും സഹായിച്ചിരുന്നില്ല. ഉയര്‍ന്ന പ്രീമിയമുള്ള ഇന്‍ഷ്വറന്‍സ് അന്ന് ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് മാത്രമേ താങ്ങാനാവുമായിരുന്നുള്ളു. നിരന്തര ശ്രമഫലമായി ചില ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഈ പദ്ധതിയെ അംഗീകരിച്ചു. ചെറിയ തോതില്‍ തുടങ്ങിയ പദ്ധതി 2006 ആയപ്പോഴേക്കും 26,000 ത്തോളം സാധാരണക്കാര്‍ക്ക് ഉപകാരപ്പെട്ടു.
ഡി എച്ച് എ തുടങ്ങുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എഫ് എം സി നെറ്റ്‌വര്‍ക്ക്, യു എ ഇക്ക് പങ്കാളിയാകുവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ഥ്യം ഉണ്ട്. ഇങ്ങനെ ഒരു പദ്ധതി ആവിഷ്‌കരിച്ചതില്‍ ദുബൈയിലെ ഭരണാധികാരികളെ ഡോ. ഹുസൈന്‍ അഭിനന്ദിച്ചു. ഡയറക്ടര്‍മാരായ ഡോ. ബീന ഹുസൈന്‍, ഫര്‍സാന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.