Connect with us

Malappuram

മുസ്‌ലിം ലീഗ് ശില്‍പ്പശാലയില്‍ എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

മലപ്പുറം: വള്ളിക്കുന്ന് മണ്ഡലം എം എല്‍ എ. കെ എന്‍ എ ഖാദറിനെതിരെ മുസ്‌ലിം ലീഗ് കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശം. മണ്ഡലം കമ്മറ്റി ശനിയാഴ്ച വെളിമുക്കില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രവര്‍ത്തകരും വിവിധ പഞ്ചായത്ത് കമ്മറ്റികളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ കുറെ മാസങ്ങളായി എം എല്‍ എയും മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റിയും നല്ല ബന്ധത്തിലല്ല. മണ്ഡലം ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന പല വേദികളിലും എം എല്‍ എ പങ്കെടുക്കാറുമില്ല. കഴിഞ്ഞ 16ന് നടന്ന ശില്‍പ്പശാലയിലും എം എല്‍ എ പങ്കെടുത്തിരുന്നില്ല. ഇത് എം എല്‍ എയും ലീഗ് കമ്മറ്റിയും തമ്മിലുള്ള അകല്‍ച്ചയാണ് സൂചിപ്പിക്കുന്നത്. വിമര്‍ശനം ഉയരുമെന്ന് മനസ്സിലാക്കിയാണ് എം എല്‍ എ ശില്‍പ്പശാലയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. എം എല്‍ എക്കെതിരെ ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആരോപണത്തിന് മണ്ഡലം കമ്മറ്റി വ്യക്തമായ ഉത്തരം നല്‍കാനാവാതെ കുഴങ്ങുകയയാണ്.
എം എല്‍ എ ഫണ്ടുകള്‍ നല്‍കുന്നിതില്‍ പല പഞ്ചായത്തുകളെയും അവഗണിക്കുകയാണെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം. ലീഗ് കമ്മറ്റി കൊടുത്ത ലിസ്റ്റ് പ്രകാരം വികസനത്തിനായി ഒരു ഫണ്ടും നല്‍കിയില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കരാറുകാരുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് ഫണ്ടുകള്‍ നല്‍കുന്നതെന്നും അവര്‍ പറയുന്നു.
തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളില്‍ നിന്നാണ് ഇത്തരം പരാതികള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളത്. ജില്ലാ നേതൃത്വത്തിന് കൈമാറാനായി ശില്‍പ്പശാലയില്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറിമാര്‍ അവതരിപ്പിച്ച രേഖാ മൂലമുള്ള റിപ്പോര്‍ട്ടിലാണ് എം എല്‍ എക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മണ്ഡലം കമ്മറ്റി നിസഹായവസ്ഥ ബോധ്യപ്പെടുത്തുകയാണ് ശില്‍പ്പശാലയില്‍ ചെയ്തത്. അതെ സമയം പഞ്ചായത്ത് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റിക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് മണ്ഡലം കമ്മറ്റി. എം എല്‍ എക്കെതിരെ വ്യക്തമായ നിലപാടെടുത്ത് മേല്‍ ഘടകത്തിന് റിപ്പോര്‍ട്ട് നല്‍കാത്ത മണ്ഡലം കമ്മറ്റിക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ ഘടകത്തിന് പരാതി നല്‍കിയിട്ടും പരിഹാര നടപടികളുണ്ടാവുന്നില്ലെന്ന ആക്ഷേപവും മണ്ഡലം, പഞ്ചായത്ത് കമ്മറ്റികള്‍ക്കുണ്ട്.

Latest