Connect with us

Malappuram

സ്‌കൂളിന്റെ രണ്ടാം നിലയിലെ അരച്ചുമര്‍ ഇടിഞ്ഞു; താഴെ വീണ് പത്ത് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

കൊണ്ടോട്ടി: സ്‌കൂളിന്റെ രണ്ടാം നിലയിലെ അരച്ചുമരിനൊപ്പം താഴേക്ക് വീണ് പത്ത് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്. പുളിക്കല്‍ വലിയപറമ്പ് ഫ്‌ളോറിയ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അപകടം.
പരുക്കേറ്റ അമന്‍ സിനാന്‍, ഇര്‍ഫാന്‍, ഹന്ന, ആസിഫ്, എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഹിശാം, അഭിജിത്ത്, ലാമിഹ്, സിനാന്‍, ഫവാദ് തസ്‌നീം എന്നിവരെ ഫറോക്ക് ചുങ്കം സ്വകാര്യ ആശുപത്രിയിലും ദില്‍ജാസിനെ പന്തീരാങ്കാവ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യം പുളിക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കുമാണ് പരുക്ക്. സ്‌കൂളിന്റെ പഴയകെട്ടിടത്തിന്റെ രണ്ടാം നിലക്ക് മുകളില്‍ ഷീറ്റിട്ട് പുതിയ ക്ലാസ് മുറികളുണ്ടാക്കിയിരുന്നു. ഇതിന്റെ പാരപ്പറ്റാണ് തകര്‍ന്നത്. ഹോളോബ്രിക്‌സ് കൊണ്ടാണ് ഇത് പണിതിരുന്നത്. ഇത് സിമന്റില്‍ തേച്ചിട്ടുമുണ്ടായിരുന്നില്ല. അരച്ചുമര്‍ രൂപത്തിലായിരുന്നു പാരപറ്റ് പണിതത്. ഇതില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടികള്‍ ചുമരിനൊപ്പം താഴേക്ക് വീഴുകയായിരുന്നു. ദുരന്തം നടന്നതും സംഭവം മൂടി വെക്കാന്‍ സ് കൂള്‍ അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ വാഹനം അപകട ഹോണ്‍ മുഴക്കി പുളിക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്. സ്‌കൂളിന്റെ മതില്‍ തകര്‍ന്നെന്നായിരുന്നു അധികൃതര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. രണ്ടാം നിലക്ക് മുകളില്‍ ഷീറ്റിട്ട് ക്ലാസ് മുറികള്‍ ഉണ്ടാക്കുന്നതിനു പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞു.