ലക്ഷങ്ങള്‍ മുടക്കിയ സംവിധാനങ്ങള്‍ പാഴാവുന്നു

Posted on: November 18, 2014 10:59 am | Last updated: November 18, 2014 at 10:59 am

കാളികാവ്: ആദിവാസി വികസന പദ്ധതിയില്‍ ലക്ഷങ്ങള്‍ രൂപ മുടക്കി ആരംഭിച്ച ചോക്കാട് പി എച്ച് സി പ്രവര്‍ത്തനം ഭാഗികം മാത്രമായതോടെ ജനത്തിന് പ്രയോജനപ്പെടാതെ പോവുന്നു.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി പത്തിലധികം ബെഡ് സൗകര്യത്തോടെ ഐ പി വാര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഉണ്ടെങ്കിലും ഇതേ വരെ പ്രവര്‍ത്തിപ്പിക്കാത്തത് കാരണം അതിനായി ഒരുക്കിയ സംവിധാനങ്ങളെല്ലാം പാഴായിപ്പോവുകയാണ്. 1999-ലാണ് നാല്‍പത് സെന്റില്‍ 20 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ചോക്കാട് പി എച്ച് സി വിപുലീകരിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് ഗിരിജന്‍ കോളനിക്കാര്‍ക്കും കൂടാതെ ദുര്‍ബല വിഭാഗങ്ങള്‍ക്കുമെല്ലാം വേണ്ടിയാണ് ചോക്കാട് ആശുപത്രി വിപുലമായി ആരംഭിച്ചത്. എന്നാല്‍ കിടത്തി ചികിത്സ തുടങ്ങാത്തതിനാല്‍ വര്‍ഷങ്ങളായി ആശുപത്രി ഐ പി വാര്‍ഡ് അടഞ്ഞ് കിടക്കുകയാണ്. ഇതോടെ വാര്‍ഡിനകത്തുള്ള ബെഡുകളും മറ്റു സാമഗ്രികളും ഉപകരണങ്ങളുമെല്ലാം തുരുമ്പ് കയറിയും ചിതല്‍ തിന്നും നശിക്കുകയാണ്. നൂറോളം ആദിവസി കുടുംബങ്ങളും കൂടാതെ പെടയന്താള്‍, ചോക്കാട് അങ്ങാടി, പരുത്തിപെറ്റ, പൊട്ടി എന്നിവിടങ്ങളിലെ മറ്റ് ദുര്‍ബല വിഭാഗങ്ങളും ആശ്രയിക്കുന്ന ആശുപത്രിയെ ജനങ്ങള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ ഇതേവരെ പരിഗണിച്ചില്ല.
നേരത്തേ ഗതാഗത സൗകര്യം കുറവാണെന്ന കാര്യം പറഞ്ഞായിരുന്നു ആശുപത്രിയെ അവഗണിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ നാല്‍പത് സെന്റ് വരെയുള്ള റോഡ് പി എം ജി എസ് പദ്ധതിയില്‍ നവീകരിച്ചുവെങ്കിലും ഇപ്പോഴും ആശുപത്രിയിലെ സൗകര്യം കൂട്ടാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.