Connect with us

Malappuram

പുലാമന്തോള്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി പി എം പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കി കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കും കുത്തഴിഞ്ഞ ഭരണത്തിനുമെതിരെ സി പി എം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പഞ്ചായത്തിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ ഭരണപരസ്യത്തിന് മാത്രം കാഴ്ച വെക്കുന്ന പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കി വരുന്നതെന്ന് പുലാമന്തോള്‍ പഞ്ചായത്ത് സി പി എം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നികുതി പരിഷ്‌കരണത്തിന്റെ പേരില്‍ സോണ്‍ തിരിച്ചിട്ടുള്ളത് വ്യാപകമായ പരാതിക്കിട നല്‍കുന്നു. ലക്ഷംവീട്ടുകാര്‍ക്ക് പോലും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നികുതിയാണ് ചുമത്തിയിട്ടുള്ളത്.
ഇപ്പോള്‍ 5000 രൂപ കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കെട്ടിട ഉടമക്ക് 17000 രൂപയോളം കൊടുക്കേണ്ടി വരുന്നു. 2011-2014 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഭവന നിര്‍മാണ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും നൂറിലധികം വരുന്നവര്‍ക്ക് ഒന്ന്, രണ്ട് ഗഡുക്കള്‍ നല്‍കി ബാക്കി തുക നല്‍കാതെ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. 63 പേര്‍ക്ക് ഭവന നിര്‍മാണത്തിന് വേണ്ടി അനുമതിക്കായി അപേക്ഷിച്ചിട്ടും പാടം, പള്ള്യാല്‍ തലത്തിലുള്ള ഭൂമിയാണെന്നതുകൊണ്ട് വീട് നിര്‍മിച്ചവര്‍ക്ക് നമ്പറും അനുമതിക്ക് അപേക്ഷിച്ചവര്‍ക്ക് അനുമതിയും കാലങ്ങളായി നല്‍കിയിട്ടില്ല.
ഇതിന് വേണ്ടിയുള്ള പ്രാദേശിക നിരീക്ഷണ സമിതി പോലും മാസങ്ങളായി ചേര്‍ന്നിട്ടില്ല. മാലിന്യ നിര്‍മാര്‍ജന പരിപാടിയുടെ പേരില്‍ നടപ്പാക്കിയ പൈപ്പ് കമ്പോസ്റ്റ് പദ്ധതിക്ക് വേണ്ടി പണമടച്ച് ഒന്നര വര്‍ഷക്കാലമായി ഗുണഭോക്താക്കള്‍ കാത്തിരിക്കുകയാണ്. ഒരു നടപടിയും ഉണ്ടായില്ല.
പഞ്ചായത്തിനകത്തെ കുടുംബശ്രീ സംവിധാനം പാടെ തകര്‍ക്കുകയും ജില്ലയില്‍ ഏറ്റവും പിറകോട്ടു പോയ കുടുംബശ്രീയായി പുലാമന്തോള്‍ മാറിയതായി ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്നു കഴിഞ്ഞു. ഭരണ നേതൃത്വം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഹനീഫ, ഇ രാജേഷ്, കെ വി മൊയ്തീന്‍കുട്ടി, എം വി കുട്ടിശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest