Connect with us

Kerala

എന്‍ജിനീയര്‍മാരില്‍ നിന്ന് പിഴ ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ഉപഭോക്തൃഫോറത്തിന്റെ ഉത്തരവുണ്ടായിട്ടും കണക്ഷന്‍ നല്‍കാത്ത വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്. കോട്ടക്കല്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ എന്‍ രവീന്ദ്രനാഥനില്‍ നിന്നും 50,000 രൂപയും എടരിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ കീരനില്‍ നിന്ന് 25,000 രൂപയും പിഴ ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്. മലപ്പുറം എടരിക്കോട് ക്ലാരിമൂച്ചിക്കല്‍ പൂഴിത്തറ ഹൗസില്‍ പി സൈനുദ്ദീന്റ പരാതിയിലാണ് ഉത്തരവ്.
സൈനുദ്ദീന്‍ നിര്‍മിച്ച വീട്ടിലേക്ക് പുതിയ വൈദ്യുതി കണക്ഷനായി അപേക്ഷിച്ചെങ്കിലും വൈകുന്നതായി കോഴിക്കോട് വൈദ്യുതി ഉപഭോക്തൃ സങ്കട പരിഹാരഫോറത്തില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് കോട്ടക്കല്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും, എടരിക്കോട് സെക്ഷന്‍ അസി. എന്‍ജിനീയര്‍ക്കും നോട്ടീസ് നല്‍കി. കേസില്‍ വാദം കേട്ടശേഷം പരാതിക്കാരന്‍ എസ്റ്റിമേറ്റ് തുക അടച്ച് 21 ദിവസത്തിനുളളില്‍ കണക്ഷന്‍ നല്‍കണമെന്ന് പരാതി പരിഹാര ഫോറം 2013 നവംബര്‍ 26നു ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് സൈനുദ്ദീന്‍ 9040 രൂപ യഥാസമയം അടച്ചെങ്കിലും ബോര്‍ഡ് അധികൃതര്‍ കണക്ഷന്‍ നിരസിച്ചു. വീടിനു പഞ്ചായത്ത് നമ്പരില്ല, അടുത്തുളള വസ്തുവില്‍ സ്റ്റേ ഇടുന്നതിന് സമ്മതപത്രം വാങ്ങി നല്‍കിയില്ല തുടങ്ങിയ തടസ്സങ്ങള്‍ പറഞ്ഞാണ് എന്‍ജിനീയര്‍മാര്‍ കണക്ഷന്‍ നല്‍കാന്‍ തയ്യാറാവാതിരുന്നത്. തുടര്‍ന്നാണ് ഉപഭോക്തൃഫോറത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതിനായി സൈനുദ്ദീന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ പരാതി സമര്‍പ്പിച്ചത്. ഇതനുസരിച്ച് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും കൈകാര്യം ചെയ്ത ഫയല്‍ 2014 സപ്തംബര്‍ 19ന് പരിശോധനക്കായി സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറോ അസിസ്റ്റന്റ് എന്‍ജിനിയറോ ബന്ധപ്പെട്ട ഫയല്‍ സമര്‍പ്പിച്ചില്ല. നോട്ടീസിനു തൃപ്തികരമായ മറുപടിയും നല്‍കിയില്ല.

Latest