കൈക്കൂലിക്കേസ്: രാഹുല്‍ ആര്‍ നായര്‍ക്ക് സസ്പന്‍ഷന്‍

Posted on: November 17, 2014 9:31 pm | Last updated: November 18, 2014 at 3:32 pm

rahul-r-nair11111

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ മലപ്പുറം എം എസ് പി കമാന്‍ഡന്റ് രാഹുല്‍ ആര്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന കാലത്ത് അടച്ചിട്ട ക്വാറി തുറക്കുന്നതിനായി ക്വാറി ഉടമയില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. കേസില്‍ രാഹുല്‍ ഒന്നാം പ്രതിയും പണം കൈപ്പറ്റിയ ഇടനിലക്കാരന്‍ അജിത് രണ്ടാം പ്രതിയുമാണ്. രാഹുല്‍ ആര്‍ നായരെ സസ്‌പെന്‍ഡ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
പത്തനംതിട്ടയിലെ കോയിപ്രം ഷാനിയോ മെറ്റല്‍ ക്രഷര്‍ യൂനിറ്റ് തുറന്നു കൊടുക്കാന്‍ ഉടമ ജയേഷ് തോമസില്‍ നിന്ന് എസ് പി കൈക്കൂലി വാങ്ങിയതായി ഡി ജി പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ജൂണിലാണ് എസ് പിക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം ആഭ്യന്തര മന്ത്രിക്ക് ശിപാര്‍ശ നല്‍കിയത്. ഇന്റലിജന്‍സ് എ ഡി ജി പി. എ ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്റലിജന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനുമിടെ ഇരുപത് സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ക്വാറി ഉടമയില്‍ നിന്ന് ഇരുപത് ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നും പതിനേഴ് ലക്ഷം കൈപ്പറ്റിയെന്നുമാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
എക്‌സ്‌പ്ലോസീവ് ലൈസന്‍സുകള്‍ പരിശോധിക്കേണ്ടത് എസ് ഐയുടെയും സി ഐയുടെയും ജോലിയാണ്. അപൂര്‍വം കേസുകളില്‍ ഡി വൈ എസ് പിമാരും ഇടപെടും. ജില്ലാ പോലീസ് മേധാവിയായ എസ് പിക്ക് മേല്‍നോട്ടച്ചുമതല മാത്രമാണുള്ളത്. എന്നാല്‍, പരാതിക്കാരന്റെ ഒരു ക്വാറി എസ് പി രാഹുലിന്റെ നിര്‍ദേശപ്രകാരം പൂട്ടിച്ചു. ഇദ്ദേഹത്തോട് അസ്സല്‍ ലൈസന്‍സുമായി എസ് പിയെ കാണാന്‍ എസ് ഐ നിര്‍ദേശിച്ചു എന്നാണ് ആക്ഷേപം. ക്വാറി ഉടമയുടെ സഹോദരന്‍ എസ് പിയെ ചേംബറില്‍ ചെന്നു കണ്ടപ്പോള്‍ എസ് പി ഇരുപത് ലക്ഷം ആവശ്യപ്പെട്ടു. ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം, തുക എവിടെയാണ് എത്തിക്കേണ്ടതെന്നറിയാന്‍ അതില്‍ ബന്ധപ്പെടാന്‍ എസ് പി പറഞ്ഞുവത്രേ. ക്വാറി ഉടമ ആ നമ്പറില്‍ വിളിച്ചപ്പോള്‍ അജിത്ത് എന്നയാളാണ് കോള്‍ എടുത്തത്. ഇയാളുമായി പതിനേഴ് ലക്ഷം രൂപക്ക് ഇടപാടുറപ്പിച്ചു. തുക പണമായി കൊച്ചിയിലെത്തിക്കാന്‍ പറഞ്ഞു. കൊച്ചിയിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിനു മുന്നില്‍ കാറില്‍ കാത്തു നിന്ന അജിത്തിനു പണം കൈമാറി. പണം കിട്ടിയയുടന്‍ അജിത്ത് എസ് പിയെ വിളിച്ചതിനും തെളിവുണ്ട്. എസ് പിയും അജിത്തും ക്വാറി ഉടമയും അയാളുടെ സഹോദരനും തമ്മിലുള്ള മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് കേസിലെ പ്രധാന തെളിവ്.