Connect with us

Gulf

ഭീകര സംഘടനകളുടെ പട്ടികയില്‍ ഇന്ത്യന്‍ മുജാഹിദീനും

Published

|

Last Updated

ദുബൈ: ഭീകരസംഘടനകളുടെ പട്ടിക യു എ ഇ മന്ത്രിസഭ പുറത്തുവിട്ടു. 2014ലെ ഭീകരവിരുദ്ധനിയമത്തിലെ ഏഴാംവകുപ്പ് പ്രകാരമാണ് പട്ടിക. അല്‍ഖ്വായിദ, ദാഇഷ്, മുസ്‌ലിം ബ്രദര്‍ഹുഡ്, പാകിസ്താന്‍ താലിബാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ 40 സംഘടനകള്‍ പട്ടികയിലുണ്ട്.
യു എ ഇയില്‍ ഏറെ കോളിളക്കങ്ങള്‍ക്ക് കാരണമായ അല്‍ ഇസ്ലാഹ് സൊസൈറ്റി, ലെബനന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫത്താഹ് അല്‍ ഇസ്‌ലാം, യു എ ഇ ജിഹാദ് സെല്‍, അല്‍ കറാമ ഓര്‍ഗനൈസേഷന്‍, മുസ്ലിം ബ്രദര്‍ഹുഡിന്റെ സഹോദരസംഘടനയായ ഇസ്‌ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍, യെമന്‍ കേന്ദ്രമായുള്ള അന്‍സാര്‍ അല്‍ ശരീഅ, മാലിയിലെ അന്‍സാറുല്‍ദീന്‍, പാകിസ്ഥാനിലെ ഹഖാനി നെറ്റ്‌വര്‍ക്ക്, ഈജിപ്ഷ്യന്‍ ജിഹാദി സംഘമായ അജ്‌നാദ് മിസ്‌റ്, മുജാഹിദ് ഷൂറ കൗണ്‍സില്‍, അക്‌നാഫ് ബെയ്ത് അല്‍ മഖ്ദിസ്, സിറിയയിലെ അല്‍ നുസ്‌റ തുടങ്ങിയവ നിരോധിക്കപ്പെട്ടവയില്‍ ഉള്‍പെടും.
ബ്രിട്ടന്‍, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഇറ്റലി, ലിബിയ, സൊമാലിയ, ടുണീഷ്യ, നൈജീരിയ തുടങ്ങിയവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും പട്ടികയില്‍ ഇടംപിടിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ഭീകരസംഘടനകളെക്കുറിച്ച് ബോധവത്കരണം നടത്താനും ഇവര്‍ക്കെതിരെ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികളുടെ സുതാര്യത ഉറപ്പുവരുത്താനുമാണ് പട്ടിക പുറത്തുവിട്ടത്.

Latest