ജറുസലേമിന്റെ ഇസ്‌ലാമിക പവിത്രത കാത്തുസൂക്ഷിക്കണം: ശൈഖ് മുഹമ്മദ്

Posted on: November 17, 2014 4:23 pm | Last updated: November 17, 2014 at 4:23 pm

newദുബൈ: അധിനിവേശ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദിന്റെ ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടത് പരമ പ്രധാനമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഫലസ്തീന്‍ പ്രധാനമന്ത്രി ഡോ. റാമി ഹംദല്ലയെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ മസ്ജിദുകളിലൊന്നാണത്. രാജ്യാന്തര നിയമ പ്രകാരം ഇത് ഉറപ്പുവരുത്തേണ്ടതുണ്ട്. ജറുസലേമിലെ പവിത്രമായ മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കാനുള്ള ഫലസ്തീനികളുടെ ശ്രമത്തിന് യു എ ഇ എല്ലാവിധ പിന്തുണയും നല്‍കും. ശൈഖ് മുഹമ്മദ് അറിയിച്ചു.

ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരണത്തില്‍ പങ്കെടുത്തു. അധിനിവേശ മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ഈയിടെ ഇസ്‌റാഈല്‍ തീവ്രവാദികള്‍ അല്‍ അഖ്‌സ മസ്ജിദിന് നേരെ നടത്തിയ നീക്കളെ അപലപിച്ചു. പത്ത് വര്‍ഷമായി യു എ ഇയിലെ ജീവകാരുണ്യ സംഘടനകള്‍ ഫലസ്തീന് നല്‍കുന്ന പിന്തുണയെ ഡോ. റാമി ഹംദല്ല പ്രകീര്‍ത്തിച്ചു.
ആശുപത്രികള്‍ മസ്ജിദുകള്‍, ഭവനങ്ങള്‍ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസനമാണ് യു എ ഇ ഫലസ്തീനില്‍ നടത്തിയിരിക്കുന്നത്. അറബ് മേഖലയില്‍ ഫലസ്തീന് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് യു എ ഇയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി ഉന്നതരും റാമി ഹംദല്ലയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്ന് സന്ദര്‍ശനം മതിയാക്കി റാമി അബ്ദുല്ല മടങ്ങും.