രാജസ്ഥാന്‍ ഗ്രാമീണ്‍ മേളക്ക് തിരക്കേറുന്നു

Posted on: November 17, 2014 10:11 am | Last updated: November 17, 2014 at 10:11 am

കോഴിക്കോട്: രാജസ്ഥാനിലെ കലാശില്‍പ്പികളുടെ കരവിരുത് വിളിച്ചോതി രാജസ്ഥാന്‍ ഗ്രാമീണ്‍ മേളക്ക് തിരക്കേറുന്നു. ഡ്രസ്സുകളും അടുക്കളയിലുപയോഗിക്കുന്ന കപ്പുകളും കൂജകളുമെല്ലാം മേളയിലുണ്ട്. തെങ്ങോലകള്‍, പൈന്‍മരത്തിന്റെ പൂക്കള്‍, ആലിലകള്‍ എന്നിവ ഉണക്കി നിര്‍മിച്ച വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ ലഭ്യമാണ്. ചണം കൊണ്ടു നിര്‍മിച്ച പാദരക്ഷകളും. രാജസ്ഥാനിലെ പരമ്പരാഗത ആഭരണങ്ങളുമെല്ലാം മേളയുടെ മാറ്റുകൂട്ടുന്നു.
ഡിസൈനുകളിലെ വ്യത്യസ്ഥതയാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നുള്ള കന്ദവര്‍ക്ക്, ജെറി വര്‍ക്ക്‌സ്, ടെക്‌സ്റ്റെയില്‍ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ബെഡ്ഷീറ്റുകള്‍, കുഷ്യന്‍ കവറുകള്‍, വാള്‍ ഹാങ്ങിംഗുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ വില്‍പ്പനക്കുണ്ട്. ബനാറസില്‍ നിന്നുള്ള വിവിധയിനം സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, സില്‍ക്ക് കുഷ്യനുകള്‍, ബെഡ് കവറുകള്‍ തുടങ്ങിയ ഡ്രസ് മെറ്റീരിയലുകളും പ്രദര്‍ശനത്തിലുണ്ട്. കുര്‍ത്തകള്‍ക്ക് 280 രൂപ മുതലാണ് വില. യുവതികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ഇത്തരം കുര്‍ത്തകളാണ്. പുരുഷന്മാര്‍ക്ക് വേണ്ടി ജയ്പൂരിലെ പരമ്പരാഗത വസ്ത്രങ്ങളായ ഖാദി കുര്‍ത്ത, പൈജാമ, ഷര്‍ട്ടുകള്‍ എന്നിവയുണ്ട്. ചെറിയ കുട്ടികളുടെ വസ്ത്രങ്ങളും ആഭരണങ്ങളുടെ വൈവിധ്യമായ ശേഖരവും ജയ്പൂര്‍ ലാക്ക് വളകള്‍ മുതല്‍ വെള്ളി ആഭരണങ്ങളുടെ വൈവിധ്യമായ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. കമ്മലുകളും പാദസരങ്ങളും ജിമുക്കിയുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. ആഭരണങ്ങള്‍ക്ക് 50 രൂപ മുതലാണ് വില. പ്രഷ്യസ് സ്റ്റോണുകള്‍ കോണ്ട് നിര്‍മിച്ച മാലകളും പ്രദര്‍ശനത്തിലുണ്ട്. പരമ്പരാഗതമായ ഹാന്റിക്രാഫ്റ്റ്, ഹാന്റ്‌ലൂം ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും പൊടിപൊടിക്കുന്നു.
രാജസ്ഥാനി മുത്തുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ബീഡ്‌സ് ബാഗുകളും സ്ത്രീകളെ ആകര്‍ഷിക്കുന്നവയാണ്. 200 രൂപ മുതല്‍ 1200 രൂപ വരെയാണ് വില. കാശ്മീരി ചുരിദാര്‍ മെറ്റീരിയലുകള്‍ക്ക് 850 രൂപ മുതലാണ് വില. കാശ്മീരി ഷാളുകളും വിവിധ ഡിസൈനുകളിലുള്ള സാരികളും സ്റ്റാളുകളിലുണ്ട്. ചിക്കന്‍ വര്‍ക്കിലുള്ള ലക്‌നൗ ചുരിദാര്‍ മെറ്റീരിയലുകളും റെഡിമെയ്ഡ് ചുരിദാറുകളും പ്രദര്‍ശനത്തിലുണ്ട്. 300 രൂപ മുതലാണ് ചുരിദാറിന്റെ വില ആരംഭിക്കുന്നത്. 11ന് ആരംഭിച്ച മേള ഈ മാസം 20ന് സമാപിക്കും.