Connect with us

Kozhikode

പ്രതിഷേധം തന്നെ; ജില്ലാ കായികമേള വീണ്ടും മുടങ്ങി

Published

|

Last Updated

കൊയിലാണ്ടി: കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ കായിക മേള പൂര്‍ത്തിയാക്കാനായില്ല. ഇന്നലെ പുനരാരംഭിച്ച കായിക മേള കായിക വിദ്യാര്‍ഥികള്‍ ട്രാക്കിലിറങ്ങി പ്രതിഷേധം നടത്തിയതിനാലാണ് വീണ്ടും മുടങ്ങിയത്.
മേളയില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ അതിരാവിലെ തന്നെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സര ഇനത്തില്‍ ബാക്കിയുണ്ടായിരുന്ന ജാവലിന്‍ ത്രോ, 1500 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് ഓട്ടം ഫൈനല്‍ എന്നിവ കഴിഞ്ഞ ഉടനെയാണ് പ്രതിഷേധവുമായി കായിക വിദ്യാര്‍ഥികള്‍ ട്രാക്കിലേക്ക് ഇറങ്ങിയത്. മേള നടക്കുന്ന വിവരം നേരത്തെ തന്നെ അറിയിച്ചിരുന്നതിനാല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ സമരക്കാരുടെ ബഹുജന പിന്തുണ കണക്കിലെടുത്ത് ബലപ്രയോഗം നടത്താന്‍ പോലീസ് മുതിര്‍ന്നില്ല. ക്രമസമാധാന തകര്‍ച്ചക്ക് വഴിവെക്കേണ്ടതില്ലെന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. സംഘാടക സമിതിയും സി ഡി ഇ ഗിരീഷ് ചോലയിലും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കായികാധ്യാപകരുടെ നിയമന വിവാദത്തില്‍ സര്‍ക്കാര്‍ താത്കാലികമായി മാത്രമേ ഉത്തരവ് പിന്‍വലിച്ചിട്ടുള്ളൂവെന്നും പൂര്‍ണമായും പിന്‍മാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറാകാതിരുന്നത്.