പുതിയ പ്രകൃതി വാതക വില നിര്‍ണയത്തിനെതിരെ ആദ്യ എതിര്‍പ്പ് ഗുജറാത്തില്‍ നിന്ന്

Posted on: November 17, 2014 5:00 am | Last updated: November 16, 2014 at 11:02 pm

LarsenToubro-GSPCഅഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പ്രകൃതി വാതക വില നിര്‍ണയത്തിനെതിരെ ആദ്യ പ്രതിഷേധമുയരുന്നത് ഗുജറാത്തില്‍ നിന്ന്. കൃഷ്ണ ഗോദാവരി തടത്തില്‍ നിന്നുള്ള പ്രകൃതി വാതകം കമ്പോള വിലയേക്കാള്‍ വിലകുറച്ച് വില്‍ക്കാനാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ജി എസ് പി സി വ്യക്തമാക്കി. ഉത്പാദന ചെലവിലും കുറഞ്ഞ് പ്രകൃതി വാതകം വില്‍ക്കാന്‍ സ്ഥാപനത്തിന് സാധ്യമല്ലെന്നും കേന്ദ്രത്തോട് കമ്പനി അധികൃതര്‍ പറഞ്ഞു. ഒരു യൂനിറ്റ് പ്രകൃതി വാതകത്തിന് ഇപ്പോഴുള്ള 4.2 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് 5.61 ഡോളറിലേക്ക് ഉയര്‍ത്തുന്നതായിരുന്നു ഒക്‌ടോബര്‍ 18ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകകയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വെക്കുകയും ചെയ്ത നയം. എന്നാല്‍ പശ്ചിമ ബംഗാളിലെ തങ്ങളുടെ പാടങ്ങളില്‍ നിന്നുള്ള ഗ്യാസ്, കമ്പോള വിലക്ക് മാത്രമേ വില്‍ക്കുകയുള്ളൂവെന്ന് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ (ജി എസ് പി സി) വ്യക്തമാക്കി.
യൂനിറ്റ് ഒന്നിന് 10.5 ഡോളര്‍ ഈടാക്കുന്ന വില നയമാണ് കോര്‍പറേഷന്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ടത്. ഇന്ത്യയിലെ ഏത് പാടത്തിലും പ്രകൃതി വാതക ഖനനം ശ്രമകരവും ചെലവേറിയതുമാണ്. അത് കൊണ്ട് നഷ്ടം സഹിച്ച് സര്‍ക്കാര്‍ പറയുന്ന വിലക്ക് വില്‍ക്കാനാകില്ലെന്നാണ് കോര്‍പറേഷന്‍ വൃത്തങ്ങള്‍ പറയുന്നത്. കൃഷ്ണ ഗോദാവരി തടത്തില്‍ നിന്നടക്കമുള്ള പ്രകൃതി വാതക ശേഖരത്തിന്റെ വില നിശ്ചയിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയതായി സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. മുന്‍ യു പി എ സര്‍ക്കാറിന്റെ നയം പൂര്‍ണമായി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ നയമെന്നാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. മുന്‍ സര്‍ക്കാര്‍ നിയോഗിച്ച സി രംഗരാജന്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളോടെ ദുര്‍ബലപ്പെട്ടുവെന്നും കഴിഞ്ഞ മാസം 18ന് പുതിയ നയത്തിന് എന്‍ ഡി എ സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിരുന്നു.
സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയടക്കമുള്ളവര്‍ നല്‍കിയ ഹരജി പരഗണിക്കുന്ന ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച്, വില നിര്‍ണയത്തില്‍ എന്താണ് പുതിയ സര്‍ക്കാറിന്റെ നയമെന്ന് സെപ്തംബര്‍ 18ന് ആരാഞ്ഞിരുന്നു. യു പി എ സര്‍ക്കാറിന്റെ നയം തുടരുകയാണോയെന്നും കോടതി ചോദിച്ചു. ഇതിനുള്ള മറുപടിയായാണ് പുതിയ നയം അംഗീകരിച്ച കാര്യം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വെച്ചത്. ഇതുപ്രകാരം പ്രകൃതി വാതകത്തിന്റെ ഒരു എം എം ബി ടി യുവിന് വില 5.61 ഡോളറായി ഉയര്‍ത്തും. (എം എം ബി ടി യു- പ്രകൃതി വാതക യൂനിറ്റ്. ഒരു എം എം ബി ടി യു എന്നാല്‍ പത്ത് ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ്).