മലയോരത്ത് യാത്രാദുരിതം; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

Posted on: November 17, 2014 5:12 am | Last updated: November 16, 2014 at 9:13 pm

കുറ്റിക്കോല്‍: മലയോരത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തെക്കില്‍- ആലട്ടി, കുറ്റിക്കോല്‍-എരിഞ്ഞിപ്പുഴ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി പി എം ബേഡകം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ പത്തുമുതല്‍ പത്തര വരെ ഒമ്പത് കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തും.
ഇതേ ആവശ്യമുന്നയിച്ച് ജൂലൈ 31ന് കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് സി പി എം മാര്‍ച്ച് നടത്തിയിരുന്നു.
മഴ മാറിയാലുടന്‍ അടിയന്തിരമായി റിപ്പയര്‍ ചെയ്യുമെന്നും റോഡ് പൂര്‍ണമായും റീ ടാര്‍ ചെയ്യാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും പിഡബ്ലുഡി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. മഴമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് റിപ്പയര്‍ ചെയ്യാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പൊയിനാച്ചിയില്‍ നിന്ന് ബന്തടുക്ക വഴി കര്‍ണാടക അതിര്‍ത്തി വരെയുള്ള തെക്കില്‍-ആലട്ടി റോഡും കുറ്റിക്കോലില്‍ നിന്ന് ആരംഭിച്ച് എരിഞ്ഞിപ്പുഴ വഴി കാസര്‍കോടേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം അതീവ ദുരിതത്തിലാണ്.
നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാത ഒട്ടുമിക്ക ഭാഗങ്ങളിലും കുണ്ടുംകുഴിയുമാണ്. മഴക്കാലത്ത് റോഡ് ഭീകരമായി തകര്‍ന്നു.
സുള്ള്യയിലേക്കുള്ള ദൂരം കുറഞ്ഞ പാതയായതുകൊണ്ട് ചരക്കുവാഹനമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ പാത ഉപയോഗിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റീ ടാര്‍ ചെയ്ത റോഡ് കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഫലപ്രദമായി റിപ്പയര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മഴക്കാലത്തിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് കുറെ ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്തുവെങ്കിലും ആ വര്‍ഷത്തെ മഴയില്‍ തന്നെ ഭൂരിഭാഗവും ഒലിച്ചുപോയി. റിപ്പയര്‍ ചെയ്തതിന് മുകളില്‍ ഈ വര്‍ഷം കുറച്ച് ഭാഗങ്ങളില്‍ ടാറിങ് നടത്തിയിരുന്നു. ഈ പ്രവൃത്തികളിലൊക്കെ വലിയ കൃത്രിമവും അഴിമതിയും നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
20ന് ഏരിയയിലെ ഒമ്പത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അതാത് ലോക്കല്‍ കേന്ദ്രങ്ങളിലാണ് ചക്രസ്തംഭനം നടത്തുന്നത്.
ബന്തടുക്ക, പടുപ്പ്, കുറ്റിക്കോല്‍, പള്ളത്തിങ്കാല്‍, മുന്നാട്, ബേഡകം, ബീംബുങ്കാല്‍, കുണ്ടംകുഴി, കൊളത്തൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് ചക്രസ്തംഭന സമരം നടത്തുന്നത്.