Connect with us

Wayanad

റോഡപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപവത്കരിക്കും

Published

|

Last Updated

കല്‍പ്പറ്റ: റോഡപകടംമൂലം നിരത്തുകളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും ആശുപത്രികളിലെത്തിക്കുന്നതിനും ജില്ലയിലെ മുതിര്‍ന്നവര്‍ക്കെല്ലാം പരിശിലനം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.
ജില്ലാഭരണകൂടം, റോഡ് ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ്, വിംസ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആന്റ് ട്രോമകെയര്‍ എന്ന ശാസ്ത്രീയ പരിശീലനമാണ് നല്‍കുക. കളക്ടറേറ്റില്‍ സംഘടിപ്പിച്ച റോഡപകടത്തില്‍പ്പെട്ടവരുടെ അനുസ്മരണ ദിന ചടങ്ങില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി നിര്‍വ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വിംസ് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തിലാണ് പരിശിലനം നല്‍കുക.
അമിതവേഗതയെക്കുറിച്ച് കൗമാരക്കാരെയും യുവാക്കളെയും ബോധവല്‍ക്കരിക്കുന്നതിന് കാമ്പസ്സുകളില്‍ ബൈക്ക് ക്ലബ്ബുകളുടെ കൂട്ടായ്മ രൂപീകരിച്ച് റെസ്‌ക്യൂ ടീമുകളുണ്ടാക്കാനും പദ്ധതിയുണ്ട്.
ജില്ലാ പോലീസ് ചീഫ് പുട്ട വിമലാദിത്യ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ സമദ്, ആര്‍ ടി ഒ പി.എ. സത്യന്‍, എം വി ഐ. ബിജു ഐസക്, ഹുസ്സൂര്‍ ശിരസ്താദാര്‍ പി പി കൃഷ്ണന്‍കുട്ടി, ഡി വൈ എസ് പി സാബു തുടങ്ങിയവര്‍ സംസാരിച്ചു.