Connect with us

Palakkad

പൂട്ടി കിടന്ന വീട്ടില്‍ മോഷണം: പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും

Published

|

Last Updated

പാലക്കാട്: പൂട്ടി കിടന്നിരുന്ന വീട്ടിന്റെ അലമാരയില്‍ വെച്ചിരുന്ന പന്ത്രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം ചെയ്തസംഭവം എടത്തറ മൂത്താന്‍തറ പാളയത്തെ രമേശ് എന്ന ഉടുമ്പ് രമേശിന് ഏഴ് വര്‍ഷം തടവുശിക്ഷയും 6000 രൂപ പിഴ അടയ്ക്കുവാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എച്ച് റോഷ്‌നി ശിക്ഷിച്ചു.
പോലീസ് കോടതിയില്‍ ഹാജരാക്കിയ സ്വര്‍ണ്ണാഭരണങ്ങള്‍ അന്യായക്കാരിക്ക് വിട്ടുനല്‍കും . വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിക്കാനും ജയിലില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യുവാനും ഉത്തരവായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു മലമ്പുഴ ശക്തി നഗറിലുളള സിലോമണിയുടെ വീട്ടില്‍ മോഷണം നടന്നത്.
സിലോമണി മാര്‍ത്താണ്ഡത്തെ ബന്ധുവീട്ടില്‍ പോയിരുന്ന സമയത്തായിരുന്നു വീട്ടിന്റെ അടുത്ത ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളാണ് മോഷണം നടത്തിയത്.
മോഷണം ചെയ്ത സ്വര്‍ണ്ണാഭരണങ്ങളില്‍ ഒരു ഭാഗം പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഒരു ജ്വല്ലറിയില്‍ വില്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ജ്വല്ലറി ഉടമസ്ഥന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ബാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഹേമാംബിക നഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി മണികണ്ഠന്‍ അനേ്വഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.