Connect with us

Malappuram

ജില്ലാ കായിക മേള എം എസ് പി ഗ്രൗണ്ടിലേക്ക് മാറ്റി; തുടക്കം നാളെ

Published

|

Last Updated

മലപ്പുറം: രണ്ട് തവണ തടസപ്പെട്ട റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള ഇനി പോലീസ് കാവലില്‍ നടക്കും. നാളെയും മറ്റന്നാളുമായി മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടിലായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. പോലീസ് സംരക്ഷണത്തോടെയായിരിക്കും മത്സരങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാല കായിക വിദ്യാര്‍ഥികളുടെ സമരത്തെ തുടര്‍ന്നാണ് മേള തടസപ്പെട്ടത്.
സമരക്കാര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്തു നീക്കാന്‍ ഇന്നലെ ഡി ഡി ഇ ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. “ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് കായിക വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തുവന്നത്. നിയമന ഉത്തരവ് പിന്‍വലിച്ചെന്ന ഡി ഡി ഇയുടെ സര്‍ക്കുലറിന്റെ ആധികാരികത ചോദ്യം ചെയ്തു അധ്യാപകരും രംഗത്തിറങ്ങിയതോടെ കായികമേള രണ്ടാമതും തടസപ്പെടുകയായിരുന്നു. നിയമന ഉത്തരവ് മരവിപ്പിച്ചിട്ടും വീണ്ടും സമരമാരംഭിച്ചത് അംഗീകരിക്കാനാവില്ലെന്നും കായിക താരങ്ങളുടെ ഭാവിയെ ബാധിക്കുന്ന നിലപാടാണ് സമരക്കാരുടേതെന്ന് ഡി ഡി ഇ. ടി കെ ജയന്തിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മേളയില്‍ പങ്കെടുക്കാനായി വിവിധ സ്‌കൂളുകളില്‍ നിന്ന് നൂറോളം മത്സരാര്‍ഥികള്‍ യൂനിവേഴ്‌സിറ്റിയില്‍ എത്തിയിരുന്നു. ചില ഇനങ്ങളില്‍ ട്രയല്‍മത്സരങ്ങള്‍ മാത്രമാണ് നടത്തത്. മേള മുടങ്ങിയതോടെ ഈമാസം 20ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിലേക്കുള്ള പരിശീലനത്തിനും വിശ്രമത്തിനുമുള്ള സമയവും നഷ്ടമായി. ഇതു മത്സരാര്‍ഥികളുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. യോഗത്തില്‍ സ്‌കൂള്‍ ഗെയിംസ് സെക്രട്ടറി മാനുവല്‍, കായിക മേള കണ്‍വീനര്‍, കോ-ഓര്‍ഡിനേറ്റര്‍, ഉപജില്ലാ സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.

Latest