Connect with us

National

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് ചൈനയുടെ ആയുധ പരിശീലനം

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് ചൈനീസ് സൈന്യം പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ബി എസ് എഫ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രജൗരി സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് പാക്കിസ്ഥാന്‍ സൈന്യത്തിന് ചൈനീസ് സൈന്യം ആയുധ, സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലയില്‍ പാക് അതിര്‍ത്തിരക്ഷാ സേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെ ഉള്‍പ്പെടുത്തി തന്ത്രപൂര്‍വം സൈനികാഭ്യാസ പ്രകടനങ്ങളും നടത്തുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ സൈനിക യൂനിറ്റുകള്‍ ശ്രീഗംഗാനഗര്‍ സെക്ടറിന് എതിര്‍വശം പാക് റേഞ്ചേഴ്‌സിന്റെ പോസ്റ്റുകള്‍ സ്ഥാപിച്ചതായും ബി എസ് എഫിന് ലഭിച്ച പ്രാഥമിക വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചാബിലെ അബോഹര്‍, ഗുരുദാസ്പൂര്‍ സെക്ടറുകളില്‍ പുതിയ നിരീക്ഷണ ടവറുകളും പാക്കിസ്ഥാന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബി എസ് എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒളിപ്പോരാളികളെയും ലക്ഷ്യം തെറ്റാതെ വെടിയുതിര്‍ക്കാന്‍ കഴിയുന്നവരെയും വിന്യസിക്കാനും പാക്കിസ്ഥാന്‍ സൈന്യം പദ്ധതിയിടുന്നുണ്ട്. പാക്കിസ്ഥാന്‍ ഭാഗത്തു നിന്നുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. പ്രത്യേക കമാന്‍ഡോ വിഭാഗങ്ങളെ നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും തന്ത്രപ്രധാന സ്ഥാനങ്ങളില്‍ വിന്യസിക്കാനും പാക്കിസ്ഥാന്‍ സൈന്യം ശ്രമിക്കുന്നതായി ബി എസ് എഫ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം നടത്തുകയാണ് ലക്ഷ്യം. ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാനിലെ സിയാല്‍കോട്ട് മേഖലയില്‍ തീവ്രവാദികള്‍ സജ്ജരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ച്ചയായ ലംഘനമാണ് ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലുണ്ടായത്. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികരാണ് അതിര്‍ത്തിയില്‍ അടുത്തിടെ കൊല്ലപ്പെട്ടത്.

Latest